സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും
വ്യാഴം, 3 ഏപ്രില്‍ 2014 (10:37 IST)
PRO
PRO
സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും. ശമ്പളം എഴുതുന്നതിനുള്ള പുതിയ ബില്‍ ബുക്കുകള്‍ കൈമാറുന്നത് മനഃപൂര്‍വ്വം നീട്ടിയാണ് ഇത് പ്രാവര്‍ത്തികമാക്കാനാണ് നീക്കം. സാമ്പത്തിക വര്‍ഷത്തെ ആദ്യ ആഴ്ചയില്‍ തന്നെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ 2000 കോടി രൂപ കടമെടുക്കാന്‍ കേരളം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സഹകരണ ബാങ്കുകളും തങ്ങളുടെ ഫണ്ട് ട്രഷറിയിലേക്കു മാറ്റണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാകാതെ പോയ സാഹചര്യത്തിലാണ് നടപടി.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ആവശ്യമായ 3000 കോടി രൂപയുടെ വിതരണം പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ ധനവകുപ്പ് പ്രാവര്‍ത്തികമാക്കുന്നു. തുക മുഴുവന്‍ കൊടുത്തു തീര്‍ക്കേണ്ടി വരുമെങ്കിലും പരമാവധി ചെറിയ ഗഡുക്കളായി ഏപ്രില്‍ 10 വരെയെങ്കിലും ശമ്പള വിതരണം നീട്ടാനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.
ഓരോ വകുപ്പും 2013-14 വര്‍ഷത്തെ ബില്‍ ബുക്ക് സമര്‍പ്പിച്ച ശേഷം പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബില്‍ ബുക്ക് വാങ്ങേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ വെള്ളിയാഴ്ചയാവും. ഇങ്ങനെ ബില്‍ ബുക്കുകള്‍ നല്‍കിയാലും അതിലൂടെ വരുന്ന ബില്ലുകള്‍ മൂന്ന് ദിവസത്തിനകം പാസാക്കിയാല്‍ മതിയാകും. അങ്ങനെ വരുമ്പോള്‍ ഏപ്രില്‍ എട്ട് വരെ ശമ്പളവിതരണം നീട്ടിക്കൊണ്ടുപോകാം. വൈകി സമര്‍പ്പിക്കപ്പെടുന്ന ബില്ലുകള്‍ ഏപ്രില്‍ 10 വരെ മാറ്റിവെയ്ക്കാം. ഇത്രയും സമയം നീട്ടിക്കിട്ടിയാല്‍ ട്രഷറി പൂട്ടുന്നത് ഒഴിവാക്കാം എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.