സാങ്കേതിക സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള നിയമം പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി

ചൊവ്വ, 23 ജൂലൈ 2013 (20:45 IST)
PRO
PRO
സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള നിയമം താമസിയാതെ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ബ്ലോക്കിന്റെ ശിലാസ്ഥാപനകര്‍മ്മവും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

വിപുലീകരണവും വൈവിധ്യവല്‍ക്കരണവും നടക്കുന്ന സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി അവരെ കാലഘട്ടത്തിനനുസരിച്ച് പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ മേഖലയിലുള്ള ഗവേഷണവും പഠനവും നടത്താനുള്ള സൗകര്യം എഞ്ചിനിയറിംഗ് കോളേജില്‍ ഒരുക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ തൊഴില്‍ മികവ് കൈവരിക്കാനാകും.

സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ദായകരാകാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് സി -എസ് ടി വനിതാ ഹോസ്റ്റലിന്റെ ശിലാസ്ഥാപനകര്‍മ്മവും സിഇടി റിസര്‍ച്ച് പാര്‍ക്കിന്റെ ഉദ്ഘാടനവും കേന്ദ്ര മാനവവിഭവശേഷി വകുപ്പു സഹമന്ത്രി ശശിതരൂര്‍ നിര്‍വ്വഹിച്ചു.

വെബ്ദുനിയ വായിക്കുക