സലിംരാജ് നിയമം കൈയിലെടുത്തെന്ന് കോടതി; ജാമ്യാപേക്ഷ തള്ളി
വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (17:17 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സലിംരാജ് നിയമം കൈയിലെടുത്തെന്ന് കോടതി നിരീക്ഷിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതികള്‍ ചെയ്തത് ഗൗരവമുള്ള കുറ്റമാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു. പ്രതികളുടേത് അരാജകത്വം സൃഷ്ടിക്കുന്ന നടപടിയെന്നും കോടതി നിരീക്ഷിച്ചു.
കോഴിക്കോട് നഗരത്തില്‍ നട്ടുച്ചക്ക് ഒരു സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറ് തടഞ്ഞ കേസില്‍ സലീം രാജിനെയും സംഘത്തെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നോവ കാറിലെത്തിയ സലിം രാജ് അടങ്ങുന്ന ഏഴംഗ സംഘമാണ് സ്ത്രീയെ തടഞ്ഞത്. തുടര്‍ന്ന് ഇവരെ ഇരുപത് മിനുറ്റോളം നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.
പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയെ കണ്ടെത്താനാണ് സലിം രാജും സംഘവും കോഴിക്കോട്ടെത്തിയത്. ഓച്ചിറ സ്വദേശി റഷീദയെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ കഴിഞ്ഞ ഏഴിന് പരാതി നല്‍കിയിരുന്നു. ഇവരെ പോലീസ് അന്വേഷിക്കുന്നതിനിടയിലായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ സമാന്തര അന്വേഷണം നടന്നത്.