സന്ദീപിന്‍റെ വീട് കോടിയേരി സന്ദര്‍ശിക്കും

ഞായര്‍, 30 നവം‌ബര്‍ 2008 (10:39 IST)
WDWD
മുംബൈയില്‍ ഭീകരരെ നേരിടുന്നതിനിടയില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ബാംഗ്ലൂരിലെ വീട് ഇന്ന് സന്ദര്‍ശിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ അനുശോചനം കഴിഞ്ഞ ദിവസം കര്‍ണാടക ഡി ജി പി വഴി സന്ദീപിന്‍റെ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപിനോട് സംസ്ഥാ‍ന സര്‍ക്കാര്‍ യാതൊരു അനാദരവും കാട്ടിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. സന്ദീപിന്‍റെ ധീരതയില്‍ ഇന്ത്യയ്ക്കൊപ്പം കേരളവും അഭിമാനിക്കുന്നു. മുംബൈയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം അടുത്ത മന്ത്രി സഭായോഗം പരിഗണിക്കുമെന്നും കോടിയേരി വെളിപ്പെടുത്തി.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം സന്ദീപിന്‍റെ പിതാവ് ഉണ്ണികൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നു. മേജര്‍ സന്ദീപിനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു. സന്ദീപിന്‍റെ ശവസംസ്കാര ചടങ്ങില്‍ കേരള മന്ത്രിമാര്‍ ആരും പങ്കെടുക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

സന്ദീ‍പിനെ കേരള സര്‍ക്കാര്‍ അവഗണിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി സിദ്ദിഖും ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക