സന്തോഷ് മാധവന്‍ പീഡിപ്പിച്ച കുട്ടിക്ക് ജോലി

ചൊവ്വ, 9 ഫെബ്രുവരി 2010 (17:52 IST)
PRO
PRO
വിവാദസ്വാമി സന്തോഷ് മാധവന്‍ പീഡിപ്പിച്ച പത്തൊന്‍‌പതുകാരി പെണ്‍‌കുട്ടിക്ക് സര്‍ക്കാര്‍ ആഭ്യന്തരവകുപ്പില്‍ എല്‍‌ഡി ക്ലര്‍ക്കായി ജോലി ലഭിച്ചു. സന്തോഷ് മാധവന്‍ പീഡിപ്പിച്ചുവെന്ന് പല പെണ്‍‌കുട്ടികളും മൊഴി നല്‍‌കിയിരുന്നുവെങ്കിലും അവരാരും തന്നെ കേസുമായി പിന്നീട് സഹകരിക്കുകയുണ്ടായില്ല. ആഭ്യന്തരവകുപ്പില്‍ ജോലി ലഭിച്ച ഈ പെണ്‍‌കുട്ടി മാത്രമാണ് അവസാനഘട്ടംവരെ പ്രോസിക്യൂഷനുമായി സഹകരിച്ചത്.

പ്രോസിക്യൂഷനില്‍ സഹകരിച്ചതിനാല്‍ ഈ കുട്ടിയെ പുനരധിവസിപ്പിക്കണമെന്നും പ്രതിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കണമെന്നും എറണാകുളം സെഷന്‍സ്‌ കോടതി സര്‍ക്കാരിന് നിര്‍‌ദേശം നല്‍‌കിയിരുന്നു.

എന്നാല്‍ സന്തോഷ് മാധവനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സമയമെടുക്കും എന്ന് മനസിലാക്കിയ ഡി‌ജി‌പിയാണ് സര്‍ക്കാര്‍ ജോലി നല്‍‌കി കുട്ടിയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചത്. ജില്ലാ കളക്‌ടറും സമാനമായ ശുപാര്‍ശ സര്‍ക്കാരിന് നല്‍‌കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് ആഭ്യന്തരവകുപ്പില്‍ നിയമനം നല്‍‌കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി.

പീഡനത്തിരയാകുമ്പോള്‍ പെണ്‍‌കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. കുട്ടിക്ക് പ്ലസ്‌-ടു വിദ്യാഭ്യാസം ഉള്ളതിനാല്‍, കെഎസ്‌എസ്‌ആര്‍ ഭാഗം 2 ചട്ടം 39 പ്രകാരം, അനുകമ്പാടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനം എടുക്കുകയായിരുന്നു. നവം‌ബര്‍ 20-ന് തന്നെ തീരുമാനം എടുത്തുകഴിഞ്ഞുരുന്നുവെങ്കിലും ഗവര്‍ണറുടെ അംഗീകാരത്തിന് ശേഷം നിയമന ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറിയത് കഴിഞ്ഞദിവസമാണ്.

കോടതി ഉത്തരവ് പ്രകാരം സ്വാമി അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവന്‍ 16 വര്‍ഷം തടവ്‌ അനുഭവിക്കണമെന്നാണ്‌ കോടതി വിധി. ഇത് കൂടാതെ 2,10,000 രൂപ പിഴയടക്കാനും എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതി വിധിച്ചിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീയേയും സന്തോഷ്‌ മാധവന്‍ മാനഭംഗപ്പെടുത്തിയെന്നാണ്‌ പോലീസ്‌ കേസ്‌. ഇതില്‍ രണ്ട്‌ പെണ്‍കുട്ടികളും സ്‌ത്രീയും കൂറുമാറിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സന്തോഷ് മാധവനിപ്പോള്‍.

വെബ്ദുനിയ വായിക്കുക