സന്തോഷ് മാധവന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്.
അമൃത ചൈതന്യയെന്ന സന്തോഷ് മാധവന്‍റെ നാല് അക്കൌണ്ടുകളില്‍ കൂടിയും വിദേശങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മണി ട്രാന്‍സ്ഫര്‍ മണി എക്സ്‌ചേഞ്ച് വഴി നടന്നതിനെക്കുറിച്ചുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. സന്തോഷ് മാധവനെതിരെ പ്രവാസി മലയാളി സറാഫിന്‍ എഡ്വിന്‍ നല്‍കിയ പരാതിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
സറാഫിന്‍ എഡ്വിനില്‍ നിന്നും പൊലീസ് ശേഖരിച്ച തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. സന്തോഷ് മാധവന്‍റെ സാമ്പത്തിക സ്രോതസ്സുകളെല്ലാം മരവിപ്പിക്കുന്നതിന് പൊലീസ് നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭൂ സ്വത്തുക്കളുടെ ക്രയവിക്രയം തടഞ്ഞ് പൊലീസ് റവന്യൂ അധികാരികള്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ഏക്കറ് കണക്കിനുള്ള ഭൂമിയുടെ ക്രയവിക്രയമാണ് പൊലീസ് തടഞ്ഞിരിക്കുന്നത്. എറണാകുളം നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്തോഷ് മാധവനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചിരുന്നത്.
സന്തോഷ് മാധവന്‍റെ ബാങ്ക് അക്കൌണ്ടുകളിലൂടെയുള്ള ഇടപാടുകളും പൊലീസ് ഇടപെട്ട് മരവിപ്പിച്ചിരുന്നു.