അമൃതചൈതന്യയെന്ന സന്തോഷ് മാധവനെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും. ബാംഗ്ലൂരിലെ ഫോറന്‍സിക് ആന്‍റ് സയന്‍റിഫിക് ലാബിലാണ് നുണപരിശോധന നടത്തുന്നത്.
സന്തോഷ് മാധവന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വഞ്ചനാ കേസും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് സന്തോഷ് മാധവനെ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്തോഷ് മാധവനെ ബാംഗ്ലൂരിലെത്തിച്ചിട്ടുണ്ട്.
സന്തോഷ് മാധവന്‍റെ അഭിഭാഷരായ പ്രതാപന്‍, മനോജ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്യലില്‍ സന്തോഷ് മാധവന്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ ചോദ്യം ചെയ്യലിനു വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
എറണാകുളം ജില്ലയിലെ പുത്തന്‍ വേലിക്കരയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം തേടുന്നുണ്ട്.