സംസ്ഥാനത്ത് സ്ഫോടകവസ്തുകള്‍ പിടിയില്‍

വെള്ളി, 12 ഫെബ്രുവരി 2010 (08:48 IST)
PRO
PRO
സംസ്ഥാനത്ത് രണ്ടിടത്തുനിന്നായി ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുകള്‍ പിടിച്ചെടുത്തു. ബോംബ് നിര്‍മിക്കാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്ത ശേഖരങ്ങളില്‍ ഉണ്ട് എന്നറിയുന്നു. വടക്കഞ്ചേരി ടൗണ്‍, തേനിടുക്ക്‌ പൂച്ചപ്പാറ, അഗളി കാവുണ്ടിക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്ഫോടകവസ്തുകള്‍ പിടികൂടിയത്. രണ്ട് സംഭവങ്ങളിലുമായി ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വടക്കഞ്ചേരി തേനിടുക്ക്‌ പൂച്ചപ്പാറയിലെ വീട്ടിലും ഷെഡിലുമായി സൂക്ഷിച്ചിരുന്ന 30 കിലോ കരിമരുന്ന്‌, നിരോധനമുള്ള രണ്ടു കിലോ പൊട്ടാസ്യം ക്ലോറൈറ്റ്‌ മിശ്രിതം, 52 ഇലക്‌ട്രിക്ക് ഡിറ്റോണേറ്റര്‍, 29 ഗുണ്ട്‌, 40,000 ഓലപ്പടക്കം, ഒരു ലോഡോളം ഓല, ചാക്കുകണക്കിനു കരിപ്പൊടി, മരുന്നുനിറയ്ക്കുന്ന കോറ എന്നിവയാണ്‌ പോലീസിന് ലഭിച്ചത്.

പൂച്ചപ്പാറ മസ്ജിദ്‌ റോഡില്‍ കാഞ്ഞിരംപള്ളി അരവിന്ദാക്ഷന്റെ മകന്‍ അനീഷ്‌ (35), അനീഷിന്റെ സഹോദരി ഭര്‍ത്താവ്‌ തോണിപ്പാടം പ്രജിത്ത്‌ (38), പണിക്കാരന്‍ ഇളവംപാടം ചെറുകുന്നം ശിവന്‍ (30) എന്നിവരുടെ പേരിലാണ്‌ കേസ്‌. ഇതില്‍ അനീഷിനെ പിടികൂടാനായിട്ടില്ല. പടക്കം നിര്‍മിക്കാനാണ് കരുമരുന്ന് സൂക്ഷിച്ചത് എന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇതിനിടയില്‍, വടക്കഞ്ചേരി ടൗണില്‍ കടയില്‍ സൂക്ഷിച്ചിരുന്ന നിയോജന്‍ നയന്റി എന്ന സ്ഫോടകവസ്തുവും പൊലീസ് പിടിച്ചെടുത്തു. വടക്കഞ്ചേരി മസ്ജിദ്‌ റോഡില്‍ അരവിന്ദാക്ഷന്‍ (60), ഭാര്യ വിലാസിനി (48) എന്നിവരെ പിടികൂടി. ബന്ധുവും സഹായിയുമായ ഹരിദാസനെ പിടികൂടാനായിട്ടില്ല.

അഗളി കാവുണ്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡയമണ്ട്‌ മെറ്റല്‍സ്‌ എന്ന ക്രഷറില്‍ നിന്നും പൊലീസ് വന്‍ സ്ഫോടകശേഖരം പിടിച്ചെടുത്തു. ക്രഷറിന്റെ ഉടമ മലപ്പുറം തിരൂര്‍ക്കാട്‌ സ്വദേശി മുഹമ്മദിനെ അറസ്റ്റുചെയ്തു. കരിങ്കല്‍ ക്വാറിയില്‍ പാറ പൊട്ടിക്കാനാണ് താന്‍ കരിമരുന്ന് സൂക്ഷിച്ചതെന്ന് മുഹമ്മദ് മൊചി നല്‍കിയിട്ടുള്ളതായി അറിയുന്നു.

വെബ്ദുനിയ വായിക്കുക