സംസ്ഥാനത്ത് കനത്തമഴ, ജനവാസ മേഖലകള്‍ പലതും വെള്ളത്തിനടിയില്‍; കൃഷിയടക്കം വന്‍ നാശനഷ്ടം

ശനി, 18 ജൂണ്‍ 2016 (10:29 IST)
സംസ്ഥാനത്ത് വീണ്ടും രൂക്ഷമായ കാലവർഷമെത്തി. കനത്തമഴയിലും കാറ്റിലും ‍കൃഷിനാശമടക്കം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. തീരമേഖലകളിലടക്കം നിരവധി വീടുകള്‍ തകര്‍ന്നു. ഇടയ്ക്ക് ഒന്നു ശമിച്ചുനിന്ന മഴ ഇന്നലെ മുതലാണ് വീണ്ടും ആരംഭിച്ചത്.
 
തിരുവനന്തപുരം കുളത്തൂരിലുള്ള ആകാശവാണി ട്രാൻസ്മിഷൻ ടവർ തകർന്നതിനെ തുടർന്ന് ഇവിടെനിന്നുള്ള പ്രക്ഷേപണം മുടങ്ങി. നദികളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. ജനവാസ മേഖലകളിൽ പലയിടത്തും വെള്ളം കയറിയ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 
 
മധ്യകേരളത്തിലും ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ജലനിരപ്പ് ഉയർന്നതിനാൽ ഭൂതത്താൻ അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാമെന്ന് എറണാകുളം കലക്ടർ മുന്നറിയിപ്പു നൽകി. കടൽക്ഷോഭത്തിനുള്ള സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കരുതിയിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
 
നാളെ രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനുള്ള സാധ്യതയാണ് ഉള്ളത്. എല്ലാ ജില്ലകളിലേയും കലക്ടർമാർ മുൻകരുതലെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക