ശ്രീചിത്ര മെഡിക്കല്‍ സെന്ററിനായി ഭൂമി വാങ്ങുന്നതില്‍ ക്രമക്കേടെന്ന് ആരോപണം
വ്യാഴം, 18 ജൂലൈ 2013 (14:52 IST)
PRO
PRO
ശ്രീചിത്ര മെഡിക്കല്‍ സെന്ററിനായി സ്വകാര്യഭൂമി വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം. വയനാട്ടിലെ പേരിയ വില്ലേജിലെ ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റിലെ 75 ഏക്കര്‍ ഭൂമിയാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് വേണ്ടി 16 കോടി രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നിരിക്കെ മെഡിക്കല്‍ സെന്ററിനായി സ്വകാര്യഭൂമി വാങ്ങുന്നതിന് പിന്നില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
മെഡിക്കല്‍ സെന്ററിനായി പാട്ടക്കരാര്‍ വാങ്ങാതെ ഭൂമി ഏറ്റെടുക്കരുതെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഇപ്പോള്‍ ഭൂമി വാങ്ങാന്‍ നീക്കം. പാട്ടക്കാലാവധി അവസാനിക്കാന്‍ 2040 വരെ സമയമുണ്ടെന്നിരിക്കെ അഡ്വക്കേറ്റ് ജനറലിനെ കൊണ്ട് ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമോപദേശം വാങ്ങിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് മാഫിയുടേ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഭൂമി ഉണ്ടായിട്ടും വനത്തോട് ചേര്‍ന്നുകിടക്കുന്ന തലപ്പുഴയിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും ജില്ലയിലെ മറ്റൊരു ജനപ്രതിനിധിയും ചില റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ടാണ് സ്വകാര്യ സ്ഥലം ഏറ്റെടുക്കാന്‍ ധൃതി കൂട്ടുന്നതെന്നുമാണ് ആക്ഷേപം.
ഉന്നത പഠന ഗവേഷണ സ്ഥാപനമായ ശ്രീചിത്രയ്ക്ക് മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ശ്രീചിത്രയ്ക്ക് ക്യാമ്പസുള്ളത്. രണ്ടാമതായി ആരംഭിക്കുന്ന കോളേജിന്റെ ഗുണം കേരളത്തിലെ വടക്കന്‍ ജില്ലകള്‍ക്ക് കൂടി ലഭ്യമാക്കാനാണ് വയനാട്ടില്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിക്കുന്നത്.