ശബരിമല: ജീവനക്കാരെ നിയമിക്കാന്‍ അനുമതി

KBJWD
ശബരിമലയില്‍ അപ്പം, അരവണ നിര്‍മ്മാണത്തിനും വിതരണത്തിനും ആവശ്യമായ ജീവനക്കരെ നിയമിക്കാന്‍ ദേവസ്വം കമ്മിഷണര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി.

ദേവസ്വം ഓംബുഡ്സ്മാന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഈ ഉത്തരവ്. മുന്‍ കാലങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമലയില്‍ അപ്പം അരവണ നിര്‍മ്മാണത്തിനും വിതരണത്തിനും ആവശ്യമായ ജീവനക്കാരെ നിയമിച്ചിരുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേ സമയം അരവണ ഉത്‌പാദനം ഈമാസം 13 നു തുടങ്ങുമെന്ന്‌ ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അരവണ വിതരണത്തിന്‌ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ കമ്മീഷണര്‍ കെ.ജയകുമാര്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക്‌ കാലത്ത്‌ ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ശബരിമല ഉന്നതതല യോഗത്തിനു ശേഷമാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്‌. ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥരും ഉന്നത പൊലീസ്‌ അധികാരികളും യോഗത്തില്‍ പങ്കെടുത്തു. മേല്‍ശാന്തി നിയമനം നടക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്‍റും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല.

വെബ്ദുനിയ വായിക്കുക