കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ സേലം ഡിവിഷന്‍ രൂപീകരണം സ്റ്റേ ചെയ്യാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ എം.പിമാരുടെ യോഗം തീരുമാനിച്ചു.
റയില്‍വേ സഹമന്ത്രി ആര്‍. വേലു കേരളത്തെ നിരന്തരം പ്രകോപിപ്പിക്കുകയാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സഹമന്ത്രിയെയും കീഴ് ഉദ്യോഗസ്ഥരെയും നിലയ്ക്ക് നിര്‍ത്തുന്നതിനുള്ള നടപടികള്‍ റയില്‍വേ മന്ത്രി തന്നെ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എ.പിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ എത്രയും വേഗം പ്രധാനമന്ത്രിയെയും റയില്‍വേ മന്ത്രിയെയും കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്‍റെ റയില്‍വേ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട് ധരിപ്പിക്കുന്നതിന് മുന്നോടിയായാണ് എം.പിമാരുടെ യോഗം ചേര്‍ന്നത്. റയില്‍വേ സഹമന്ത്രി ആര്‍. വേലു കേരളത്തെ നിരന്തരം പ്രകോപിപ്പിക്കുകയാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍ റയില്‍വേ മന്ത്രി ലാലുപ്രസാദിന്‍റെ നിലപാട് അനുകൂലമാണ്. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമെ സേലം ഡിവിഷന്‍ രൂപീകരണത്തെ സംബന്ധിച്ച് ആലോചിക്കൂവെന്ന് ലാലു ഉറപ്പ് നല്‍കിയെങ്കിലും ആര്‍. വേലു പാലക്കാട്ടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നും ആക്ഷേപം ഉയര്‍ന്നു.