നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം മിക്ക പാര്‍ട്ടികള്‍ക്കും നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പട്ട പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിറവിയെടുത്ത ബി ഡി ജെ എസ്. കൊല്ലത്തും ആലപ്പുഴയിലും ഇടുക്കിയിലുമുള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ കാടിളക്കിയുള്ള പ്രചാരണമായിരുന്നു എന്‍ ഡി എയുടെ നേതൃത്വത്തില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയത്. എന്നാല്‍ ജയിച്ചു കയറാന്‍പോയിട്ട് ഒരു മണ്ഡലത്തില്‍പ്പോലും രണ്ടാസ്ഥാനത്ത് എത്താന്‍വരെ ബി ഡി ജെ എസിന് കഴിഞ്ഞില്ല.
ഫലം അറിയുന്നതിന് മുന്‍പ് കേരളത്തില്‍ പൊന്‍കുടം വിരിയും എന്ന് പറഞ്ഞ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേറ്റ കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. മിക്ക മണ്ഡലങ്ങളിലും ബി ജെ പിയുടെ ദേശീയ നേതാക്കളടക്കം പ്രചരണത്തിനെത്തി. ബി ജെ പി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ച കുട്ടനാട്ടില്‍ സുഭാഷ് വാസുവിന് വേണ്ടി പ്രധനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയിട്ടും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ മുപ്പതിനായിരം വോട്ടുകള്‍ നേടാനായത് അവര്‍ക്ക് ആശ്വാസകരമാണ്.
ബി ഡി ജെ എസ് പ്രതീക്ഷ കല്‍പ്പിച്ച മറ്റൊരു മണ്ഡലമായ ഉടുംമ്പംചോലയില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായ സജി പറമ്പത്തിന് ഇരുപതിനായിരം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കൊല്ലത്തെയും ആലപ്പുഴയിലേയും മിക്ക മണ്ഡലങ്ങളിലും ബി ഡി ജെ എസ് കാര്യമായ ചലനമുണ്ടാക്കിയില്ല. ബി ജെ പി വിജയസാധ്യത കല്‍പ്പിച്ച പല മണ്ഡലങ്ങളിലും ബി ഡി ജെ എസിന്റെ പ്രകടനം കടലാസില്‍ മാത്രം ഒതുങ്ങി. സി കെ ജാനു മത്സരിച്ച സുല്‍ത്താന്‍ ബത്തേരിയിലും കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും ബി ജെ പിയെ വിജയതീരത്തെത്തിക്കാന്‍ ഉതകുന്ന രീതിയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ബി ഡി ജെ എസിന് കഴിഞ്ഞില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കാര്യമായ ചര്‍ച്ചകള്‍ നടത്താന്‍ എന്‍ ഡി എയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.