വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തേക്കും, പരാമര്‍ശം ഗൌരവതരമെന്ന് ചെന്നിത്തല, വാക്കുകള്‍ വളച്ചൊടിച്ചെന്ന് തുഷാര്‍

തിങ്കള്‍, 30 നവം‌ബര്‍ 2015 (14:53 IST)
കോഴിക്കോട് മാന്‍‌ഹോളില്‍ വീണുമരിച്ച നൌഷാദിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയതിനെതിരെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതീവ ഗൌരവതരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്നത് പരിശോധിക്കുമെന്നും ചെന്നിത്തല അറിയിച്ചു. 
 
കേസെടുക്കുന്നതിനുള്ള നിയമവശം പരിശോധിക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാമര്‍ശങ്ങള്‍ അതീവ ഗൌരവമുള്ളതാണ്. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
 
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു. 
 
അതേസമയം, വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. നൌഷാദിന് സര്‍ക്കാര്‍ പണം നല്‍കുന്നതിന് എസ് എന്‍ ഡി പിക്ക് എതിര്‍പ്പൊന്നുമില്ല. നിയമപരമായി നേരിടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക