വി-സ്റ്റാര്‍ ഉടമകള്‍ക്ക് പൊലീസ് സംരക്ഷണം

ചൊവ്വ, 25 ജനുവരി 2011 (18:49 IST)
സംസ്ഥാനത്തെ പ്രമുഖ വ്യവസായികളായ വി സ്റ്റാര്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പൊലീസ് സംരക്ഷണം നല്കാന്‍ ഉത്തരവ്. ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

സി ഐ ടിയുമായുള്ള നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് വി-സ്റ്റാര്‍ ഉടമ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനോട്‌ സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടതെ, വി-സ്റ്റാറിലെ അംഗീകൃത തൊഴിലാളികള്‍ക്ക്‌ സംരക്ഷണം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

കലൂര്‍ പുതുക്കലവട്ടത്തെ വിസ്റ്റാര്‍ ഗോഡൗണില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തൊഴിലാളികളും സിഐടിയും തമ്മില്‍ തര്‍ക്കം ഉണ്ടായത്. കമ്പനിയിലെ തൊഴിലാളികള്‍ ഗോഡൗണില്‍ ചരക്ക് കയറ്റിയിറക്കാന്‍ അനുവദിക്കില്ലെന്നും അതല്ലെങ്കില്‍ ‘നോക്കുകൂലി’ ലഭിക്കണമെന്നുമായിരുന്നു സിഐടിയു നിലപാട്.

ഈ വ്യവസ്ഥ വിസ്റ്റാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഗോഡൗണിലേക്കെത്തിയ വാഹനങ്ങളില്‍ നിന്ന് ചരക്കിറക്കുന്നത് യൂണിയന്‍കാര്‍ തടസ്സപ്പെടുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക