വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന യുവതി പിടിയില്‍

ശനി, 19 ജനുവരി 2013 (16:44 IST)
PRO
PRO
വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന യുവതി ചാലക്കുടിയില്‍ പിടിയില്‍. തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ വീട്ടില്‍ ഷീബ(28), കുന്നംകുളം ചിറ്റഞ്ഞൂര്‍ മനയില്‍ വീട്ടില്‍ പ്രബീഷ്(33) എന്നിവരെയാണ് വെള്ളിയാഴ്ച ചാലക്കുടി പൊലീസ് അറസ്റ്റ്‌ചെയ്തത്. രണ്ടാം വിവാഹത്തിനായി പരസ്യം നല്‍കുന്ന യുവാക്കളായിരുന്നു ഇവരുടെ ഇരകള്‍.

ഭര്‍ത്താവ് മരിച്ചുപോയെന്നും മാതാപിതാക്കള്‍ ഇല്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി ഇരകളെ കണ്ടെത്തുന്നത്. ഇതുവരെ അഞ്ച് വിവാഹം കഴിച്ചതായി പറയപ്പെടുന്ന ഷീബയെ ചാലക്കുടി കൂടപ്പുഴ സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

കൂടപ്പുഴ സ്വദേശി നല്‍കിയ പത്രപരസ്യം കണ്ട് പെണ്‍കുട്ടിയുടെ കുഞ്ഞമ്മയാണെന്ന് പറഞ്ഞാണ് ആദ്യം ഇവര്‍ വിളിച്ചത്. പിന്നീട് തനിക്ക് വേണ്ടിയാണ് വിവാഹമെന്നും ഭര്‍ത്താവും അച്ഛനും അമ്മയും വാഹനാപകടത്തില്‍ മരിച്ചെന്നും പറഞ്ഞ് വീണ്ടും വിളിക്കുകയായിരുന്നു.

അഭിഭാഷകയാണെന്നും തന്റെ പേരില്‍ ധാരളം സ്വത്തുണ്ടെന്നും അവകാശപ്പെട്ട യുവതി, ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ രഹസ്യമായി വിവാഹം നടത്തണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് നവംബര്‍ ഒന്നിന് ചാലക്കുടിയിലെ ഒരു അമ്പലത്തില്‍ വെച്ച് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നു. നാല് ദിവസത്തിനുശേഷം അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്ന് ഭര്‍ത്താവിനെ വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അഞ്ചര പവന്റെ താലിമാല, നാല് മോതിരം, ഒരു കൈച്ചെയിന്‍, ഒരു സ്വര്‍ണമാല എന്നിവ ഉള്‍പ്പെടെ 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഷീബ കൊണ്ടുപോയി. ഇവകൂടാതെ അമ്പതിനായിരം രൂപയും കൈക്കലാക്കിയിരുന്നു.

തട്ടിപ്പിന് ഇരയായവര്‍

പൊലീസ് അറസ്റ്റ് ചെയ്ത പ്രബീഷും ഇവരുടെ തട്ടിപ്പിന് ഇരയായതായിരുന്നു. പിന്നീട് ഷീബയുടെ തട്ടിപ്പുകള്‍ക്ക് ഇയാളും കൂട്ട് നില്‍ക്കുകയായിരുന്നു. പ്രബീഷിന്റെ ആദ്യവിവാഹമാണ്.

കട്ടപ്പനയിലെ ഒരു കെ എസ് ആര്‍ ടി സി ഡ്രൈവറെ ഷീബ വിവാഹം കഴിച്ച് താലിയുമായി കടന്നിരുന്നു.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയുടെ കൈയില്‍നിന്ന് രണ്ടരപവന്റെ മാല, നാല് മോതിരം എന്നിവയുമായി മുങ്ങി.

കൊട്ടാരക്കരയിലെ ബി എസ് എന്‍ എല്‍ ജീവനക്കാരനെയാണ് ആദ്യമായി വിവാഹം ചെയ്തത്. ഇതില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്.

വെബ്ദുനിയ വായിക്കുക