വിമാന യാത്രക്കാരന്റെ സ്വർണ്ണമാല കവര്‍ന്നു: കസ്റ്റംസ് ഹവിൽദാർ അറസ്റ്റിൽ

തിങ്കള്‍, 19 ജൂണ്‍ 2017 (12:20 IST)
വിമാന യാത്രക്കാരന്റെ സ്വർണ്ണമാല കവർന്ന കേസിൽ കരിപ്പൂർ കസ്റ്റംസ് ഹവിൽദാർ അധികാരികൾ അറസ്റ് ചെയ്തു. ദുബായിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ എന്നയാളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ കരീം എന്ന കസ്റ്റംസ് ഹവിൽദാർ പിടിയിലായത്.
 
കഴിഞ്ഞ മെയ് പത്തോമ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം ദുബായിൽ നിന്നെത്തിയ കുഞ്ഞിരാമനോട് പരിശോധനയ്ക്കായി കസ്റ്റംസ് ഹാളിൽ വച്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ബാഗ്, പഴ്സ്, സ്വർണ്ണമാല എന്നിവ നൽകി. എന്നാൽ തിരികെ  ട്രേയിൽ നിന്നെടുത്തപ്പോൾ പഴ്‌സും ബാഗും മാത്രമാണ് കുഞ്ഞിരാമന് ലഭിച്ചത്.  ഭാര്യ മാല എടുത്തിരിക്കാം എന്നായിരുന്നു കുഞ്ഞിരാമൻ ധരിച്ചത്. എന്നാൽ വീട്ടിലെത്തിയ ശേഷമാണ് മാല ലഭിച്ചില്ല എന്ന വിവരം അറിഞ്ഞത്.
 
തുടർന്ന് അടുത്ത ദിവസം തന്നെ വിവരം കസ്റ്റംസ് അധികാരികളെ ധരിപ്പിച്ചു. എന്നാൽ കസ്റ്റംസ് വിഭാഗത്തിൽ നിന്ന് മാല കണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് കുഞ്ഞിരാമൻ കരിപ്പൂർ പോലീസിൽ പരാതി നൽകിയത്. കസ്റ്റംസ് ഹാളിലെ സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അബ്ദുൽ കരീം മാല എടുത്ത വിവരം കണ്ടെത്തിയത്. 
 
ഇതിനെ തുടർന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൽ കരീമിനെ സസ്‌പെൻഡ് ചെയ്തു. അററ്റിലായ പ്രതിയെ മഞ്ചേരി ജൂഡീഷ്യൽ മജിസ്‌ട്രേട് കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക