വിമാനവിവാദം: കുറ്റപത്രം മെയ് 20ന്

ചൊവ്വ, 29 ഏപ്രില്‍ 2008 (11:33 IST)
KBJWD
വിമാനയാത്രയ്‌ക്കിടെ സഹയാത്രക്കാരിയോട്‌ അപമര്യദയായി പെരുമാറിയ കേസില്‍ കുറ്റപത്രം സ്വീകരിക്കാന്‍ മുന്‍ മന്ത്രി പി.ജെ ജോസഫ്‌ മെയ്‌ 20 നു വീണ്ടും ഹാജരാകണമെന്ന്‌ ആലന്തൂര്‍ കോടതി നിര്‍ദ്ദേശിച്ചു.

കോടതിയില്‍ ഹാജരാകുന്നതിനു ജോസഫ്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണിത്‌. കുറ്റപത്രം സ്വീകരിക്കാന്‍ ഇന്നു ഹാജരാകാനായിരുന്നു നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്‌. ജോസഫിന്‍റെ അഭിഭാഷകരായ നരേന്ദ്രനും പ്രതാപ് സിംഗുമാണ് ഇന്ന് കോടതിയില്‍ ഹാജരായത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ജോസഫിന് കോടതിയില്‍ ഹാജരാകുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് അടുത്ത മാസം 20ന് ജോസഫിനോട് ഹാജരായി കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റണമെന്ന് ജസ്റ്റിസ് എം.രാമനാഥന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ജോസഫിനെ കാത്ത് വന്‍ മാധ്യമപ്പട കോടതി പരിസരത്ത് തടിച്ച് കൂടിയിരുന്നു. 2006 ഓഗറ്റ്‌ മൂന്നിനാണ്‌ കേസിനാധാരമായ സംഭവം നടന്നത്‌. ഇന്ത്യന്‍ ശിക്ഷാനിയമം 354, തമിഴ്‌നാട്‌ വനിതാ പീഡന നിരോധന നിയമം നാല്‌ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്നറിയുന്നു.

വളരെ നീണ്ട അന്വേഷണത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ചെന്നൈ വിമാനത്താവളം പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്.
പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാര്‍ നല്‍കിയ പരാതിയുടെ കോപ്പി ലഭിക്കാത്തതിനാലാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

ചെന്നൈയില്‍നിന്ന്‌ കൊച്ചിക്ക്‌ പുറപ്പെട്ട കിങ്‌ഫിഷര്‍ വിമാനത്തിനുള്ളില്‍വെച്ച്‌ ജോസഫ്‌ തന്നോട്‌ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ലക്ഷ്‌മി ഗോപകുമാര്‍ നല്‌കിയ പരാതി.

വെബ്ദുനിയ വായിക്കുക