വാണിജ്യനികുതി അസി. കമ്മിഷണറെ സസ്പെന്‍ഡ് ചെയ്തു

വ്യാഴം, 29 ജൂലൈ 2010 (16:49 IST)
അന്യസംസ്ഥാന ലോട്ടറി ഏജന്‍സികളില്‍ നിന്ന് പിഴ ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയ പാലക്കാട് വാണിജ്യ നികുതി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെഎ അബ്ദുള്ളയെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍കൂര്‍ നികുതി അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന്‌ പിഴ ഈടാക്കുന്നതില്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് വാര്‍ത്താ സമ്മേളനത്തില്‍ സസ്പെന്‍ഷന്‍ വിവരം അറിയിച്ചത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന്‌ മുന്‍കൂര്‍ നികുതി വാങ്ങിയതില്‍ തെറ്റില്ലന്ന്‌ മന്ത്രി അറിയിച്ചു. മേഘ ഏജന്‍സികള്‍ നടത്തുന്നത് സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ഔദ്യോഗിക ലോട്ടറികള്‍ തന്നെയാണോ എന്നറിയാന്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

യഥാസമയം സംസ്ഥാന സര്‍ക്കാരിന് നടത്തിപ്പ് സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് നല്‍കാത്തതിനാല്‍ മേഘാ ഏജന്‍സി ഒടുക്കേണ്ടിയിരുന്ന നികുതി പിരിച്ചെടുക്കുന്നതിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ വീഴ്ച വരുത്തിയത്. സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ വൈകുന്ന ഓരോ ദിവസവും ആയിരം രൂപ വീതമാണ് പിഴയടയ്ക്കേണ്ടത്.

അതിനിടെ, അന്യസംസ്ഥാന ലോട്ടറിയെ സര്‍ക്കാര്‍ വഴിവിട്ടു സഹായിക്കു‍വെന്ന്‌ ആരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എറണാകുളം നോര്‍ത്തിലെ സിക്കിം ലോട്ടറി ഏജന്‍സി അടിച്ചു‍ തകര്‍ത്തു . സമരക്കാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക