വയനാട്ടില്‍ കനത്ത മഴ, വന്‍ നാശനഷ്ടം; നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി

വ്യാഴം, 30 ജൂണ്‍ 2016 (08:13 IST)
വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. രണ്ടു ദിവസം മുന്‍പാണ് വയനാട്ടില്‍ മഴ ശക്തിപ്രാപിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ, നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. വലിയ ദുരിതമാണ് ഒരോ കുടുംബങ്ങളും അനുഭവിക്കുന്നത്.
 
പല പുഴകളിലും നീരൊഴുക്ക് കൂടിയതോടെ, പുഴയോടു ചേര്‍ന്നുള്ള കോളനികളില്‍ വെള്ളം കയറി തുടങ്ങി. നിലവില്‍ ബത്തേരി താലൂക്കില്‍ മൂന്നും വൈത്തിരി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാംപും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇരുപത്തിയേഴു കുടുംബങ്ങളിലെ 99 പേരാണ് വിവിധ ക്യാംപുകളില്‍ കഴിയുന്നത്. മഴക്കാലത്ത് സ്ഥിരമായി മാറ്റിപ്പാര്‍പ്പിയ്ക്കുന്ന കോളനിയിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ ക്യാംപുകളില്‍ എത്തിച്ചിട്ടുള്ളത്.
 
ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു വേണ്ട സൌകര്യങ്ങളെല്ലാം ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ 55 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയിലെ 157 കര്‍ഷകരുടെ 25.2 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. ഇതുവരേയുള്ള സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച്, 62,62,500 രൂപയുടെ നഷ്ടമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക