വക്താക്കള്‍ക്ക് നിയന്ത്രണരേഖ, കെപിസിസി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന്

വെള്ളി, 20 മാര്‍ച്ച് 2015 (09:02 IST)
കോണ്‍ഗ്രസ് വക്താക്കള്‍ക്ക് അഭിപ്രായപ്രകടനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരാന്‍ കെ പി സി സി നീക്കം. ഇതിന്റെ ഭാഗമായി കെ പി സി സി ഇന്ന് കോണ്‍ഗ്രസ് വക്താക്കളുടെ യോഗം വിളിച്ചിരിക്കുകയാണ്. പാര്‍ട്ടിനയത്തിന് വിരുദ്ധമായി വക്താക്കള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പരസ്യപ്രസ്താവനകള്‍ നല്കി പ്രതികരിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വക്താക്കളുടെ യോഗം കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
 
വൈകുന്നേരം നാലുമണിക്ക്  തിരുവനന്തപുരത്തെ കെ പി സി സി ഓഫീസിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പന്തളം സുധാകരന്‍, അജയ് തറയില്‍ എന്നിവരെ കൂടാതെ എം എം ഹസ്സന്‍, ജോസഫ്‌ വാഴക്കന്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് കെ പി സി സി വക്താക്കള്‍.
 
മുന്‍മന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് വക്താക്കളുടെ യോഗം കെ പി സി സി വിളിച്ചിരിക്കുന്നത്. ധനമന്ത്രി കെ എം മാണി അവധിയില്‍ പ്രവേശിക്കണമെന്ന് ധനകാര്യവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പന്തളത്തിന്റെ പോസ്റ്റിനെ അനുകൂലിക്കുന്ന രീതിയില്‍ അജയ് തറയില്‍ സംസാരിച്ചതും കോണ്‍ഗ്രസിനുള്ളില്‍ നീരസത്തിന് ഇടയാക്കിയിരുന്നു.
 
അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായതോടെ ഇതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. 
അതേസമയം, പാര്‍ട്ടിയോ മുന്നണിയോ ലാഭ നഷ്‌ടങ്ങളോ നോക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു വി എം സുധീരന്‍. സുധീരന്‍ കെ പി സി സി അധ്യക്ഷനായപ്പോഴാണ് അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയിടുന്നത് എന്നതും ശ്രദ്ധേയം.

വെബ്ദുനിയ വായിക്കുക