ലീഗിനെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല: അഹമ്മദ്

തിങ്കള്‍, 31 ജനുവരി 2011 (13:12 IST)
PRO
മുസ്ലീംലീഗിനെ തകര്‍ക്കാന്‍ ആരും നോക്കണ്ടെന്ന് മുസ്ലീംലീഗ് നേതാവും കേന്മ്ദ്ര വിദേശകാര്യ സഹമന്ത്രിയുമാ‍യ ഇ അഹമ്മദ് പറഞ്ഞു. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തികഞ്ഞ രോഷത്തോടെയാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ആരും നോക്കണ്ട. 15 കൊല്ലങ്ങള്‍ക്കു മുമ്പുള്ള സംഭവങ്ങള്‍ ഇപ്പോള്‍ പൊടി തട്ടിയെടുക്കുകയാണ്. ഇതിനായി, നാലു മാസവും ആറു മാസവും ഒക്കെയാണ് ചിലര്‍ ഇതിനു പിന്നില്‍ യത്നിച്ചത്. എന്തിനാണ് ഇങ്ങനെ ഒരാളെ ടാര്‍ജറ്റ് ചെയ്യുന്നത്. ദുഷ്പ്രചാരണങ്ങള്‍ കൊണ്ട് ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുഷ്പ്രചാരണങ്ങള്‍ കേട്ട് തകരുന്ന പാര്‍ട്ടിയല്ല മുസ്ലീംലീഗ്. മുസ്ലീംലീഗിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരും നോക്കണ്ട. വാര്‍ത്തയുടെ ഉറവിടത്തിന് വിശ്വാസ്യതയില്ല. വാര്‍ത്തയ്ക്കു പിന്നില്‍ ഒരു ക്രിമിനല്‍ ആണുള്ളതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഈ രാജ്യത്ത് നിരവധി ചാനലുകള്‍ വേറെ ഉണ്ടായിട്ടും ഇന്ത്യാവിഷനില്‍ വന്നത് തന്നെയാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ഈ പ്രശ്നത്തിന്റെ മുന ലീഗിന്റെ യശസ്സിനു മങ്ങലേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ച് ലീഗിലേക്ക് എത്തിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

പുനരന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുപ്രീംകോടതി വരെ പോയി തള്ളപ്പെട്ട കേസാണിതെന്നും കുഞ്ഞാലിക്കുട്ടിക്കായിട്ട് പ്രത്യേക നിയമമുണ്ടോ എന്നും നേതാക്കള്‍ ചോദിച്ചു.

വെബ്ദുനിയ വായിക്കുക