ലാലിനെ ഇനി വേട്ടയാടരുതെന്ന് തിരുവഞ്ചൂര്‍

ചൊവ്വ, 3 ഫെബ്രുവരി 2015 (15:57 IST)
ഗെയിംസ് വേദിയില്‍ ‘ലാലിസം’ പരിപാടി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ ലാലിനെ ഇനി വേട്ടയാടരുതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ . തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലാലുമായി ഇന്നും സംസാരിച്ചിരുന്നു. വിവാദങ്ങളില്‍ അദ്ദേഹത്തിന് വലിയ വിഷമമുണ്ട്. മോഹന്‍ലാല്‍ മാന്യമായാണ് പെരുമാറിയത്. ഇനിയും അദ്ദേഹത്തെ വേട്ടയാടരുതെന്നും മന്ത്രി പറഞ്ഞു. ഗെയിംസിന്റെ ഉദ്ഘാടന പരിപാടിക്കായി ആദ്യം എ ആര്‍ റഹ്‌മാന്റെ പരിപാടിയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ , തുക വളരെ കൂടുതലായതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.
 
ദേശീയഗെയിംസിന്റെ ഉദ്ഘാടനവേദിയില്‍ ലാലിസത്തെക്കുറിച്ച് മാത്രമാണ് പരാതിയുള്ളതെന്നും വേറെ പരിപാടികളെക്കുറിച്ചൊന്നും പരാതികള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ സംബന്ധിച്ച് ഓഡിറ്റ് നടത്തി കണക്കുകള്‍ ബോധിപ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
സമാപനസമ്മേളനത്തിലെ ചെലവ് കുറച്ചേ മതിയാകൂ എന്നും സമാപനസമ്മേളനം കളര്‍ഫുള്‍ ആക്കണമെന്നും നിര്‍ദ്ദേശം നല്കിയതായും മന്ത്രി പറഞ്ഞു. ദേശീയഗെയിംസിനെ തകര്‍ക്കാന്‍ അജന്‍ഡ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക