ലയന ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് കെ എം മാണി

ബുധന്‍, 28 ഏപ്രില്‍ 2010 (12:53 IST)
PRO
കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം കേരള കോണ്‍ഗ്രസുമായി ലയിക്കുന്ന കാര്യം സംബന്ധിച്ച് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവുമായി ലയിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. കേരള കോണ്‍ഗ്രസ് ഒന്നാകുന്നതില്‍ തെറ്റില്ല. കേരള കോണ്‍ഗ്രസ് ഒന്നാകണമെന്നത് വളരെക്കാലമായുള്ള ആഗ്രഹമാണ്. കേരള കോണ്‍ഗ്രസ് ഒന്നാകുന്നത് ഐക്യമുന്നണിയെ ശക്തിപ്പെടുത്തും. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ നേതൃ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭായോഗത്തില്‍ പി ജെ ജോസഫ് പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അക്കാര്യത്തിന് ഉത്തരം നല്കേണ്ടത് ജോസ്ഫ് ആണെന്നായിരുന്നു മാണിയുടെ മറുപടി. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല കേരള കോണ്‍ഗ്രസ് ഒന്നാകുന്നത്.

ഐക്യ കേരള കോണ്‍ഗ്രസിന്‍റെ ഭാഗമായി പി സി ജോര്‍ജ് കേരള കോണ്‍ഗ്രസില്‍ ലയിച്ചു. ജോസഫ് വിഭാഗവുമായി ലയിക്കാന്‍ സാധ്യത തെളിയുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. എന്നാല്‍ ലയനം സാധ്യമായാല്‍ തെരഞ്ഞെടുപ്പു കാലത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത് അപ്പോള്‍ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക