യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (21:06 IST)
ഗായകന്‍ കെ ജെ യേശുദാസിന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി. ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
 
ക്ഷേത്രഭരണ സമിതിയാണ് യേശുദാസിന്‍റെ ആവശ്യം അംഗീകരിച്ചത്. വിജയദശമി നാളില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു യേശുദാസിന്‍റെ ആവശ്യം.
 
ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് വിജയദശമി നാളില്‍ ദര്‍ശനം നടത്താന്‍ യേശുദാസിന് ക്ഷേത്ര ഭരണ സമിതി അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളെയാണ് സാധാരണയായി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ ഹൈന്ദവധര്‍മം പിന്തുടരുന്ന ആളാണെന്ന സാക്‍ഷ്യപത്രം നല്‍കിയോ രാമകൃഷ്ണ മിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്ന് സാക്‍ഷ്യപത്രം സമര്‍പ്പിക്കുകയോ ചെയ്താല്‍ ഇവിടെ പ്രവേശനത്തിന് അര്‍ഹതയുണ്ടോ എന്ന് പരിഗണിക്കപ്പെടും. 
 
താന്‍ ഹിന്ദുമതവിശ്വാസിയാണെന്ന യേശുദാസിന്‍റെ ആവശ്യം ഇവിടെ ക്ഷേത്രഭരണ സമിതി അംഗീകരിക്കുകയായിരുന്നു. യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് സുരേഷ് ഗോപി എം പി നേരത്തേ വ്യക്തമാക്കിയിരുന്നു. 
 
ശബരിമലയിലെയും മൂകാംബികയിലെയും സ്ഥിര സന്ദര്‍ശകനായ യേശുദാസ് താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍