യാസിന്‍ ഭട്കലിന്റെ വാഗമണ്‍ സിമി ക്യാമ്പ് ബന്ധം എന്‍ഐഎ അന്വേഷിക്കും
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (11:18 IST)
PRO
PRO
ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കലിന്റെ വാഗമണ്‍ സിമി ക്യാമ്പ് ബന്ധം എന്‍ഐഎ അന്വേഷിക്കും. വാഗമണ്‍ സിമിക്യാമ്പ് കേസില്‍ മന്‍സാര്‍ ഇമാമിനെ ചോദ്യംചെയ്യും. മന്‍സാറിനെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. വാഗമണ്‍ സിമി ക്യാമ്പ് കേസിലെ 35-ാം പ്രതിയാണ് മുഹമ്മദ് മന്‍സാര്‍ ഇമാം.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണ്ണിലെ തങ്ങള്‍പാറയില്‍ വച്ചാണ് സിമി ക്യാമ്പ് നടന്നത്. ഓഗസ്റ്റില്‍ വാഗമണ്‍ സിമി ക്യാമ്പ് കേസിലെ മുഖ്യകണ്ണി അബ്ദുള്‍ സത്താറിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യത്ത് നിന്നും വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജ്യം ഇയാളെ നാടുകടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. യാസിന്‍ ഭട്കലിന് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഭട്കലിന് എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ സംഘടനകളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നുമായിരുന്നു മുല്ലപ്പള്ളി അന്ന് പ്രതികരിച്ചത്. ഭട്കലിന് കേരളത്തിലെ എന്‍ഡിഎഫുമായും കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗിനിറ്റിയുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില സംഘടനകളുമായി യാസിന്‍ നിരന്തര ബന്ധം വെച്ചുപുലര്‍ത്തിയതായും 2008ല്‍ കര്‍ണാടകയിലെ മംഗലാപുരത്ത് നടന്ന ഫ്രീഡം റാലിയില്‍ ഭട്കല്‍ പങ്കെടുത്തതായും എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് 29നാണ് ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂര്‍ പ്രദേശത്ത് വെച്ച് ഭട്കല്‍ അറസ്റ്റിലാകുന്നത്. രാജ്യത്തെ നിരവധി സ്‌ഫോടക്കേസുകളില്‍ പ്രതിയായ ഭട്കലിനെ ഇന്ത്യ പുറത്ത് വിട്ട 12 കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമായി ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷത്തിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനം, പൂനൈ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം, ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനം, ഹൈദരാബാദ് സ്‌ഫോടനം എന്നിവയില്‍ ഭട്കല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.