മോഡിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച, ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും തനിക്ക് വേണ്ടെന്ന് വെള്ളാപ്പള്ളി
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (21:28 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തു. വളരെ സന്തോഷകരമായ കൂടിക്കാഴ്ചയായിരുന്നു എന്നും തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി. തനിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും വേണ്ടെന്നും ആരും ഒരു ഓഫറും നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എന്‍ ഡി എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സംവരണത്തിന്‍റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വെള്ളാപ്പള്ളി വ്യക്തമാക്കി. ഒരുപാട് തൊഴില്‍ രഹിതരുള്ള നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്‍റേതായ വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. അത്തരം വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നു എന്നാവശ്യപ്പെട്ടു. വീടില്ലാത്ത പിന്നാക്ക വിഭാഗത്തിലുള്ള ഹിന്ദുക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. എസ്എന്‍ഡിപി ഒരു എന്‍ജിഒ ആണ്. മൈക്രോ ഫിനാന്‍സിലൂടെ പാവപ്പെട്ടവര്‍ക്കുള്ള സഹായമായി കേന്ദ്രഫണ്ട് വേണമെന്ന ആവശ്യവുമുന്നയിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്നും സഹായിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
മോഡിയുമായും അമിത് ഷായുമായും നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയകാര്യങ്ങള്‍ വിഷയമായില്ല. അമിത് ഷാ ചര്‍ച്ചയില്‍ വന്നതിന് പ്രത്യേക പ്രാധാന്യമൊന്നുമില്ല. പ്രധാനമന്ത്രിയെ കാണാനുള്ള വഴിയൊരുക്കിത്തരുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഞാന്‍ പ്രധാനമന്ത്രിയെ കാണാനാണ് വന്നത്. മുമ്പ് സോണിയാ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും കാണാന്‍ വന്നിട്ടുണ്ട്. അന്നില്ലാതിരുന്ന രാഷ്ട്രീയ പ്രാധാന്യമൊന്നും ഇപ്പോഴത്തെ കൂടിക്കാഴ്ചയ്ക്ക് നല്‍കേണ്ടതില്ല - വെള്ളാപ്പള്ളി പറഞ്ഞു.
ബി ജെ പിയെ ഭയപ്പെടുന്നത് എന്തിനാണ്? എസ് എന്‍ ഡി പിയെ എന്തിനാണ് ഭയപ്പെടുന്നത്? മോഡിയും അമിത് ഷായും എസ് എന്‍ ഡി പി വോട്ടുകൊണ്ടല്ല ഭരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയോടും അയിത്തമില്ല. വിധേയത്വവുമില്ല. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കുള്ള നിലപാട് പറയാം. ഞങ്ങളുടെ സമുദായത്തില്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്. ആ രീതിയില്‍ ഉള്ളവര്‍ക്ക് അങ്ങനെ നില്‍ക്കാം. അങ്ങനെ പാര്‍ട്ടികളിലൊന്നുമില്ലാത്തവരെ പ്രോത്സാഹിപ്പിക്കാന്‍ ഏതെങ്കിലും പാര്‍ട്ടി വന്നാല്‍ അവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിക്കട്ടെ എന്നാണ് അഭിപ്രായം - വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ് എന്‍ ഡി പി സ്വന്തം പാര്‍ട്ടിയെ ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനവുമില്ല. എസ് എന്‍ ഡി പി യോഗം പാര്‍ട്ടിയുണ്ടാക്കില്ല. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും സമുദായത്തില്‍ ഉണ്ട്. എന്നാല്‍ കേരളത്തില്‍ ഒരു മൂന്നാം ചേരിക്ക് സാധ്യത കാണുന്നുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും ന്യൂനപക്ഷങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. മൂന്നാം മുന്നണി വന്നാല്‍ അതിലേക്ക് ചേക്കേറാന്‍ ഇഷ്ടം പോലെ ആളുകളുണ്ട്. ചെറുപ്പക്കാരെല്ലാം നിരാശരാണ്. അവര്‍ നിന്ന പാര്‍ട്ടികള്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറാന്‍ വെമ്പുകയാണ് - വെള്ളാപ്പള്ളി പറഞ്ഞു.