മെഡിക്കൽ കോളേജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ എനിക്ക് കഴിയില്ല: എം.ടി. രമേശ്

വ്യാഴം, 20 ജൂലൈ 2017 (13:48 IST)
മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിനായി സംസ്ഥാനത്തെ ബിജെപിയിലെ നേതാക്കൾ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിവില്ലാത്ത ആളാണ് താനെന്നാണ് എം.ടി.രമേശ് പറഞ്ഞത്.
 
സംസ്ഥാനത്ത് എവിടെയുംമെഡിക്കൽ കോളേജിന് അനുതി ലഭിക്കാനായി താൻ ആരോടും പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. മെഡിക്കൽ കോളജ് അനുവദിക്കണമെന്നു പറഞ്ഞുകൊണ്ട് ആരും തനിക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല.  മാത്രമല്ല ഈ വിഷയത്തിൽ തനിക്ക് ഒരു തരത്തിലുള്ള പങ്കില്ലെന്നും രമേശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
വാർത്തകളിൽ പറഞ്ഞു കേള്‍ക്കുന്ന ആ മെഡിക്കൽ കോളേജിന്റെ ഉടമസ്ഥരെ താന്‍ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. അവരുമായി ഒരുതരത്തിലുമുള്ള വ്യക്തിപരിചയവുമില്ല. ആ ഉടമകളുടെ പേരുപോലും പത്രവാർത്തകളിൽനിന്നാണു താനറിഞ്ഞത്. വിഷയത്തിൽ താൻ ഇടപെട്ടതായി അവരും എവിടെയും പരാതി പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ബോധപൂർവം തന്റെ പേര് പരാമർശിച്ചുകൊണ്ട് നടത്തുന്ന ഈ പ്രചരണം സത്യവിരുദ്ധമായ കാര്യമാണ്. ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി ചിത്രവധം ചെയ്യാനുള്ള ഈ ശ്രമം തെറ്റാണ്. ഏത് അന്വേഷണവും എവിടെ വേണമെങ്കിലും നടന്നോട്ടെ. ഭൂമി മലയാളത്തിലെ ഏതു അന്വേഷണത്തോടും യാതൊരു വിരോധവുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക