മൂന്ന് കുട്ടികളുടെ അമ്മയെന്ന പരിഗണന; കനകേശ്വരിക്ക് ശിക്ഷയില്‍ ഇളവ്
ശനി, 23 മാര്‍ച്ച് 2013 (18:05 IST)
PRO
PRO
സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക കവര്‍ച്ചയായ ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ കേസില്‍ നാലാം പ്രതി കനകേശ്വരിക്ക് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മറ്റ് മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. സ്ത്രീയായതിനാലും മൂന്ന് കുട്ടികളുടെ അമ്മയായതിനാലുമാണ് കനകേശ്വരിയുടെ ശിക്ഷ അഞ്ച് വര്‍ഷമാക്കി കുറച്ചത്.
കേസില്‍ അഞ്ചാം പ്രതി വയനാട് വൈത്തിരി പന്ത്രണ്ടാം പാലം പാലക്കല്‍ സൈനുദീന്‍ എന്ന സൈനു (40)വിനെ കോടതി വെറുതെവിട്ടിരുന്നു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ് സതീഷ് ചന്ദ്രബാബുവാണ് കേസ് പരിഗണിച്ചത്.
കോട്ടുളിയില്‍ താമസിക്കുന്ന കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരക്കല്‍ ജോസഫ് എന്ന ജെയ്സണ്‍ എന്ന ബാബു (45), ചെലവൂരില്‍ താമസിക്കുന്ന തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി കടവില്‍ ഷിബു എന്ന രാകേഷ്(31), ചെലവൂരില്‍ താമസിക്കുന്ന കോഴിക്കോട് കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍ (50) എന്നിവരാണ് കോടതി ശിക്ഷ വിധിച്ച മറ്റു പ്രതികള്‍. രാധാകൃഷ്ണന്റെ ഭാര്യയാണ് കനേകേശ്വരി.
ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ 2007 ഡിസംബര്‍ 29നായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണം നടന്നത്. 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്. ബാങ്കിന്റെ താഴത്തെ നിലയില്‍ ഹോട്ടല്‍ തുടങ്ങാനെന്ന വ്യാജേന മുറി വാടകയ്ക്കെടുത്ത് മുകള്‍ഭാഗം തുരന്ന് സ്ട്രോങ് റൂമില്‍ കടന്നാണ് മോഷണം നടത്തിയത്.
കവര്‍ച്ച, കുറ്റകരമായ ഗൂഢാലോചന, രാത്രിയില്‍ അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. സ്ഫോടകവസ്തു നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാനായില്ല.