മുസ്‌ലിം വിരുദ്ധ പരാമർശം: സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ബുധന്‍, 12 ജൂലൈ 2017 (12:11 IST)
ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതികളിൽ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. 
 
സെന്‍‌കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പരാതികള്‍ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കു ലഭിച്ചിരുന്നു. ലഭിച്ച എട്ടു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിനെതിരെ വിരുദ്ധവും പ്രകോപനപരവുമായ പരാമർ‌ശങ്ങൾ നടത്തിയെന്നാണ് സെൻകുമാറിനെതിരായ പ്രധാന ആരോപണം. 
 
സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ വിവാദ പരാമർശം നടത്തിയത്.  കേരളത്തിൽ നൂറു കുട്ടികള്‍ ജനിക്കുമ്പോൾ അതിൽ 42 എണ്ണം മുസ്‍ലിം കുട്ടികളാണ്. മുസ്‌‍‌ലിം ജനസംഖ്യ 27 ശതമാനമാണ്. 
 
54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനവും. ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും? ഇതായിരുന്നു സെന്‍‌കുമാറിന്റെ വിവാദമായ പരാമര്‍ശങ്ങള്‍

വെബ്ദുനിയ വായിക്കുക