മുല്ലപ്പെരിയാറില്‍ ആശങ്കയില്ല: മുഖ്യമന്ത്രി

ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (12:18 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറില്‍ സര്‍വ്വേ നടത്തുന്ന കാര്യം തമിഴ്നാടിന് അറിയില്ല എന്ന കരുണനിധിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.

തമിഴ്നാട് പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി അത്തരത്തില്‍ ഒരു പ്രസ്‌താവനയിറക്കിയത്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. അതേസമയം, 40 ലക്ഷത്തോളം വരുന്ന കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വേ നടത്താന്‍ കേരളത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതിന്‍റെ പണി ഉടന്‍ തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിസഭായോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നെല്ലിന്‍റെ സംഭരണവില 12 രൂപയാക്കി. നിലവില്‍ 11 രൂപയാണ് നെല്ലിന്‍റെ സംഭരണവില. കെ സുരേഷ് കുമാര്‍ ഐ എ എസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാനും മന്ത്രിസഭയില്‍ തീരുമാനമായി.

പേയ്‌മെന്‍റ് ഓഫ് ഗ്രാറ്റുവിറ്റി ആക്‌ട് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 3-5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മുസീരിസ് പൈതൃക പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. പ്രാചീന പൈതൃക പദ്ധതികളുടെ സംരക്ഷണത്തിനും പുനര്‍ നിര്‍മ്മാണത്തിനും 140 കോടി രൂപ അനുവദിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിര്‍ദ്ദേശത്തിന്‍റെ മാതൃകയില്‍ നോണ്‍-ക്രീമിലെയര്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

ദേശീയ സ്‌കൂള്‍ മീറ്റില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ ആലപ്പുഴ സ്വദേശിനിയായ ഇന്ദുലേഖയെന്ന വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം രൂപ നല്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വെബ്ദുനിയ വായിക്കുക