മുല്ലപ്പെരിയാര്‍ കേസ്: രാഷ്ട്രപതി ഇടപെടണം

ചൊവ്വ, 13 മെയ് 2014 (08:59 IST)
മുല്ലപ്പെരിയാര്‍  പ്രശ്‌നത്തില്‍ രാഷ്ട്രപതിയെ ഇടപെടുവിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യം. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് വിടുന്നതിലെ നിയമസാധ്യത ആരായാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. നിലവില്‍ സംസ്ഥാനത്തിന് മുന്നിലുള്ള നിയമപരമായ സാധ്യതയായ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 
 
ഇതിന് പുറമെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കേരളം നിര്‍മ്മിച്ചതുപോലെ ഒരു ഡാം സുരക്ഷാ നിയമം രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഒപ്പം കേരളത്തിന് വെറും 10 ലക്ഷം രൂപ പ്രതിവര്‍ഷം നല്‍കിയിട്ട് 900 കോടി രൂപയുടെ സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന തമിഴ്‌നാടില്‍നിന്ന് അതിന്റെ വിഹിതം നേടുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. കേരളത്തിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളുന്ന വിധിക്കെതിരേ ശക്തമായ വികാരമാണ് യോഗത്തിലുണ്ടായത്. പെരിയാര്‍ കേരളത്തില്‍ ഉത്ഭവിച്ച് ഇവിടെക്കൂടി ഒഴുകുന്ന നമ്മുടെ സ്വന്തം നദിയാണ്. എന്നാല്‍ സുപ്രീംകോടതി ഇത് അന്തര്‍സംസ്ഥാന നദിയാണെന്നാണ് തങ്ങളുടെ വിധിയില്‍ പറഞ്ഞിരിക്കുന്നത്. 
 
ഇപ്പോള്‍ തന്നെ ജലനിരപ്പ് 136ല്‍ നിന്നും 142 അടിയായി ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്. ഏത് വിധേനയേയും അത് തടയണമെന്നും അഭിപ്രായമുയര്‍ന്നു. ജലനിരപ്പ് 136 ല്‍ നിന്നും 142 അടിയാക്കിയാല്‍ ഹെക്ടര്‍ കണക്കിന് വനഭൂമി വെള്ളത്തിനടിയിലാകുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ രേഖകള്‍ സഹിതം യോഗത്തില്‍ വിശദീകരിച്ചു. ഇക്കാര്യങ്ങളെല്ലാം റിവ്യൂ ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും അഭിപ്രായമുണ്ടായി. യോഗത്തില്‍ ജസ്റ്റീസ് കെടി തോമസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വിവാദങ്ങളിലേക്ക് പോകാതെ ഒറ്റക്കെട്ടായി പ്രശ്‌നത്തെ സമീപിക്കണമെന്ന പൊതുവികാരമുണ്ടായി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് വിശാല സുപ്രീം കോടതി ബെഞ്ച് എന്ന ആശയം മുന്നോട്ടുെവച്ചത്.
 
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചതിനോടൊപ്പം യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവും അദ്ദേഹം നിരത്തി. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ കാലത്തുണ്ടായ നടപടികള്‍ തുടരുകയാണ് യുഡിഎഫ് ചെയ്തതെന്ന് പറഞ്ഞ് എന്‍കെ പ്രേമചന്ദ്രന്‍ ഖണ്ഡിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ 30 ലക്ഷം ജനങ്ങളുടെ കാര്യം പറയുന്നതില്‍ എന്തര്‍ത്ഥമെന്ന് യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി. ഒടുവില്‍ ഈ പ്രശ്‌നത്തില്‍ മറ്റുള്ളവരോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഈ വിഷയത്തെ കേരളം-തമിഴ്‌നാട് ഏറ്റുമുട്ടലായി കാണുന്നില്ലെന്ന് യോഗതീരുമാനങ്ങള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നമ്മുടെ പഴയ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതുതന്നെയാണ് ഇപ്പോഴും നമ്മുടെ നിലപാട്. കേരളത്തിന്റെ പ്രശ്‌നങ്ങളെല്ലാം സുപ്രീംകോടതിയില്‍ യഥാസമയം അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ മടങ്ങിയെത്തിയാല്‍ അദ്ദേഹവുമായി ആലോചിച്ച് റിവ്യൂ ഹര്‍ജി ഉള്‍പ്പെടെയുള്ള നിയമപരമായ പോംവഴികള്‍ ആരായുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
തലസ്ഥാനത്തിന് കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിന്റെ ജലനിരപ്പ് മൂന്നടി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് ജൈവസമ്പത്തിന് വന്‍ നാശമുണ്ടാകുമെന്ന് പറഞ്ഞ് കേന്ദ്രം അതിന് അനുമതി നല്‍കിയില്ല. അങ്ങനെവരുമ്പോള്‍ മുല്ലപ്പെരിയാറില്‍ ആറ ്അടി ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന ജൈവനാശം വളരെ വലുതായിരിക്കും. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണസമിതി ഇടുക്കി ജില്ലയില്‍ സജീവമാകും. ആ മേഖലയിലെ ജനങ്ങളെ ബോധവത്കരിക്കും. 

വെബ്ദുനിയ വായിക്കുക