മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയത്തെക്കുറിച്ചും പ്രളയ സാധ്യതയെക്കുറിച്ചും പഠിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തെ കേരളം അനുകൂലിച്ചു. എന്നാല്‍ സുപ്രിം കോടതിയുടെ ഈ നിര്‍ദ്ദേശം തമിഴ്‌നാട് തള്ളിക്കളഞ്ഞു.
നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31ന് വാദം തുടരും. അണക്കെട്ടിന്‍റെ ബലത്തെക്കുറിച്ച് പഠനം നടത്താന്‍ പുതിയ സമിതി രൂപീകരിയ്ക്കുന്ന കാര്യം പരിഗണിയ്ക്കാന്‍ സുപ്രിം കോടതി കേരളത്തിനും തമിഴ്‌നാടിനും ബുധനാഴ്ചയാണ് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
കേന്ദ്ര ജല കമ്മീഷനെത്തന്നെ പഠനത്തിന് വീണ്‌ടും നിയോഗിയ്ക്കാമോ എന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ജല കമ്മീഷന്‍ പഠനം നടത്തുന്നതില്‍ വിശ്വാസമില്ലെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചു.
ഡല്‍ഹി, റൂര്‍ക്കി ഐ ഐ ടികളുടെ പഠനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കേരളം വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് തമിഴ്നാടും വ്യക്തമാക്കി.
അണക്കെട്ടിനെക്കുറിച്ച് ഏത് വിദഗ്ധസമിതി പഠനം നടത്തണമെന്ന കാര്യം കേരളവും തമിഴ്നാടും സംയുക്തമായി തീരുമാനിക്കണമെന്നും, സമിതിയില്‍ ആരൊക്കെ അംഗങ്ങളായിരിക്കണമെന്നുള്ള അന്തിമ തീരുമാനം വ്യാഴാഴ്ച അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്തായാലും പുതിയ സമിതി വേണമെന്ന നിര്‍ദ്ദേശത്തെ കേരളം അനുകൂലിക്കുകയും തമിഴ്നാട് എതിര്‍ക്കുകയും ചെയ്തിരിക്കുന്നു.
അതിനിടെ, മുല്ലപ്പെരിയാല്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് അളക്കുന്ന സ്കെയിലില്‍ തമിഴ്‌നാട് കൃത്രിമം കാട്ടിയതായി കേരള നിയമസഭാ പരിസ്ഥിതി സമിതി ബുധനാഴ്ച കണ്ടെത്തിയിരുന്നു.