മുന്‍ എം.പിയും ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവും വ്യവസായ പ്രമുഖനുമായ വര്‍ക്കി ജോര്‍ജ് (79) നിര്യാതനായി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
എ.വി ജോര്‍ജ് സ്ഥാപനങ്ങളുടെ (എ.വി.ജി) മാനേജിങ് ഡയറക്ടറായിരുന്നു വര്‍ക്കി ജോര്‍ജ്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വര്‍ക്കി ജോര്‍ജ്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വര്‍ക്കി ജോര്‍ജ് കേരള കോണ്‍ഗ്രസിന്റെ രൂപവല്ക്കരണത്തില് സജീവമായിരുന്നു.
1971 ല്‍ കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം മുനിസിപ്പല്‍ ചെയര്മാന്, കോട്ടയം വൈ.എം.സി.എ പ്രസിഡന്റ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ അല്മായ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ നഗരസഭാ ചെയര്‍മാനും കേരളഭൂഷണം ദിനപത്രം ഉടമയുമായിരുന്ന എ.വി ജോര്‍ജിന്റെ മകനാണ്. പിതാവിന്റെ മരണശേഷം എ.വി ജോര്‍ജ് ഗ്രൂപ്പിന്റെ കീഴിലുള്ള 11 കമ്പനികളുടേയും കേരളഭൂഷണം ദിനപത്രത്തിന്റെയും മാനേജിങ് ഡയറക് ടറായി ചുമതലയേറ്റു.
തിരുവല്ല ചാലക്കുഴി സ്വദേശി മോളിയാണ് ഭാര്യ. എ.വി ജോര്‍ജ്, മാമന് വര്‍ക്കി (കുവൈറ്റ്), ബീന, താര എന്നിവര്‍ മക്കളാണ്.