നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരു നയിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. ഇടതുമുന്നണി ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചന്ദ്രപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത്, കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കാന്‍ ഒരു നേതാവ് വേണമെന്നില്ല. ജയിച്ചുവരുന്ന ആളിനെവെച്ച് മുന്നണിനേതാവിനെ തെരഞ്ഞെടുക്കാം. കേരളത്തില്‍ നന്നായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്ദന്‍ എന്നും ചന്ദ്രപ്പന്‍ പറഞ്ഞു. വി എസിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടത് തന്റെ പാര്‍ട്ടിയല്ലെന്നും സി പി എമ്മാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്കും പത്തുവര്‍ഷത്തോളം ജനപ്രതിനിധികളായിരുന്നവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്നാണ് സി പി ഐയുടെ തീരുമാനമെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കി.
യു പി എയ്ക്കും കോണ്‍ഗ്രസിനും ഇപ്പോള്‍ പ്രതിഛായ നഷ്‌ടപ്പെട്ടിരിക്കുകയാണ്. യു ഡി എഫിന്റെ കേരളവിമോചനയാത്ര എല്‍ ഡി എഫിന്റെ കഥ കഴിക്കുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ എന്ത് പറയുന്നെന്നും ചന്ദ്രപ്പന്‍ ചോദിച്ചു.