മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ അന്വേഷണസംഘം അറസ്റ്റുചെയ്തു. ഡിവൈഎഫ്ഐ ജില്ലാ ഓഫീസായ യൂത്ത് സെന്‍ററിലെ ഓഫീസ് സെക്രട്ടറി പെരിങ്ങോം സ്വദേശി രജീഷിനെയാണ് അറസ്റ്റുചെയ്തത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് കല്ലെറിഞ്ഞവരില്‍ മൂന്നുപേരെയാണ് പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവരിലൊരാളാണ് രജീഷ്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ രാജേഷ്, ദീപക് എന്നിവരാണ് മറ്റുള്ള രണ്ടുപേര്‍. മൂവരും മുഖ്യമന്ത്രിയുടെ കാറിനുനേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസിന്റെ പക്കലുണ്ട്.
രജീഷ് പിഎസ്സി. പരീക്ഷയെഴുതാന്‍ പയ്യോളിയിലെത്തുന്നുണ്ടെന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ സിഐ. റഹീമും സംഘവും പയ്യോളിയിലെത്തി. തുറയൂര്‍ ബിടിഎം ഹൈസ്‌കൂളില്‍നിന്ന് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ രജീഷിനെ അറസ്റ്റുചെയ്തു.