മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം: സെക്രട്ടറിയേറ്റ് വളപ്പില്‍ സംഘര്‍ഷം
ചൊവ്വ, 9 ജൂലൈ 2013 (12:32 IST)
PRO
PRO
സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്‍റെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചു. സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തെത്തിച്ചു.
നിയമസഭാ കവാടത്തിലേക്ക് നടന്ന മാര്‍ച്ചില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപിള്ളി സുരേന്ദ്രന് പരുക്കേറ്റു. ജലപീരങ്കി പ്രയോഗത്തില്‍ നിലത്ത് വീണ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ താങ്ങി എടുത്ത് മാറ്റുകയായിരുന്നു.
അതേ സമയം മുഖ്യമന്ത്രി രാജി വയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് ഇടത് സംഘടനകളുടെ തീരുമാനം. യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പ്രത്യേകം പ്രത്യേകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.