മികച്ച എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി

ശനി, 14 സെപ്‌റ്റംബര്‍ 2013 (16:35 IST)
PTI
PTI
സംസ്ഥാത്തെ മികച്ച സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കോളേജുകള്‍ക്ക് മാത്രമാണ് അക്കാദമിക സ്വയംഭരണം നല്‍കുന്നത്.

കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിക്കപ്പെട്ട പ്രൊ എന്‍ ആര്‍ മാധവമേനോന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വയംഭരണ പദവി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്.
ആദ്യഘട്ടത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്ഥാനത്തെ രണ്ട് ഗവ. കോളേജുകളെ ഇതിനായി തെരഞ്ഞെടുത്ത് നല്‍കാന്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതേ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എയ്ഡഡ് കോളേജുകള്‍ക്കും സ്വയംഭരണ പദവി നല്‍കും.

സ്വയംഭരണ പദവിക്ക് തെരഞ്ഞെടുക്കപ്പെടുന്ന എയ്ഡഡ് കോളേജുകളില്‍ ആവശ്യമായി വരുന്ന അധിക സാമ്പത്തിക ബാധ്യത ബന്ധപ്പെട്ട കോളേജ് മാനേജുമെന്റുകള്‍ തന്നെ വഹിക്കണം. സ്വയംഭരണ പദവി ലഭിക്കുന്ന കോളേജുകള്‍, വിദ്യാര്‍ത്ഥി പ്രവേശനത്തിന് സംവരണം അടക്കമുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്ന കരാര്‍ സര്‍ക്കാരുമായി ഒപ്പ് വയ്ക്കണം. ഇവിടത്തെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ നിലവിലുള്ളതുപോലെതന്നെ തുടരും.

എയ്ഡഡ് കോളേജുകളും സര്‍ക്കാരുമായി 'ഡയറക്ട് പേയ്‌മെന്റ്' സംബന്ധിച്ച് നേരത്തെ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ക്ക് മാറ്റമില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്ക് ഈ വര്‍ഷംതന്നെ സ്വയംഭരണ പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നതായും തുടര്‍ന്ന് ഈ കോളേജുകള്‍ക്ക് ഈ വര്‍ഷംതന്നെ യുജിസിയില്‍ നിന്നും ഇതിനുള്ള അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക