മാർകിസ്റ്റ് പാർട്ടിയുമായി തൊട്ടുപോയി എന്നത് വലിയ അപരാധമൊന്നുമല്ല, സിപിഎം പണ്ട് ഉപദ്രവിച്ചതല്ലേ എന്ന ചോദ്യം വേണ്ട: നിലപാട് വ്യക്തമാക്കി മാണി

വ്യാഴം, 4 മെയ് 2017 (11:49 IST)
കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ എം മാണി. ഏതെങ്കിലും മുന്നണിയിലേക്ക് പോകുന്നതിന്റെ ചവിട്ടുപടിയല്ല കോട്ടയത്ത് നടന്നതെന്നും മാണി വ്യക്തമാക്കുന്നു. അങ്ങനെ ഒരു ഉദ്ദേശവും ഞങ്ങ‌ൾക്കില്ലെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രാദേശിക പരമായി മാർകിസ്റ്റ് പാർട്ടിയുമായി തൊട്ടുപോയി എന്നത് വലിയ അപരാധമായി കാണേണ്ടതില്ലെന്നും മാണി വ്യക്തമാക്കുന്നു. തെറ്റ് ഏത് ശരിയേത് എന്ന് വിവേചിച്ച് ശരിയുടെ ഭാഗത്ത് നില്‍ക്കും. സിപിഎം പണ്ട് ഉപദ്രവിച്ചതല്ലെ എന്ന ചോദ്യം ഇപ്പോള്‍ അപ്രസക്തമാണെന്നും മാണി പറയുന്നു. ഇതിനായി പണ്ട് എല്‍ഡിഎഫിനൊപ്പം ആന്റണിയും ഞങ്ങളും ഒന്നിച്ച് ഇരുന്ന കാര്യവും മാണി ഓർമിപ്പിക്കുന്നുണ്ട്.
 
കേരള കോൺഗ്രസിന്റെ തീരുമാനങ്ങൾക്ക് ജോസ് കെ മാണിയെ പഴിക്കേണ്ടെന്നും മാണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫിന്റെ ഒപ്പം നി‌ൽക്കാൻ ആഗ്രഹിച്ചതാണ് എന്നാൽ, കേരള കോൺഗ്രസിനെ പുലഭ്യം പറഞ്ഞാൽ കൂടെ നിൽക്കില്ലെന്നും മാണി ഓർമിപ്പിക്കുന്നു.
 
കേരള കോൺഗ്രസ് ഇപ്പോൾ ഒരു മുന്നണിയിലും ഇല്ല. അതുകൊണ്ട് തന്നെ സ്വതന്ത്ര്യമായി തീരുമാനങ്ങൾ എടുക്കാനാകും. തീരുമാനങ്ങൾ എടുക്കുമ്പോൾ യുഡിഎഫുമായി ആലോചിക്കേണ്ടതില്ലെന്നും മാണി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക