മാവേലിക്കര നഗരസഭ യു ഡി എഫിന്

തിങ്കള്‍, 8 നവം‌ബര്‍ 2010 (15:59 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുല്യസീറ്റ് നേടി ഇടത് - വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പം നിന്ന മാവേലിക്കര നഗരസഭയില്‍ ഒടുവില്‍ ഭരണം യു ഡി എഫിന്. 13 അംഗങ്ങള്‍ വീതമായിരുന്നു ഇവിടെ ഇരുമുന്നണിക്കും ഉണ്ടായിരുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്കുളള വോട്ടെടുപ്പില്‍ എല്‍ ഡി എഫിലെ ഒരംഗത്തിന്‍റെ വോട്ട് അസാധുവാകുകയായിരുന്നു. ഇയാളോട് രാജിവെയ്ക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്കി കഴിഞ്ഞതായാണ് സൂചന. എല്‍ ഡി എഫിന്‍റെ ഒരു വോട്ട് അസാധുവായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ അഡ്വ കെ ആര്‍ മുരളീധരന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതേസമയം, അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്തില്‍ പാര്‍ട്ടി വിമതനെ പിന്തുണച്ച്‌ സി പി എം പ്രസിഡന്‍റ് ഭരണം നേടി. പാര്‍ട്ടി വിമതനായ ധ്യാനസുതനാണ്‌ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതിനിടെ, കോണ്‍ഗ്രസ്‌ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ സി പി എം ഔദ്യോഗിക സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്താക്കിയാണ്‌ വിമതന്‍ വി ധ്യാനസുതന്‍ വിജയിച്ചത്‌.

പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായി ജനകീയ വികസന സമിതി നേതാവ്‌ എം ആര്‍ മുരളിയെ തെരഞ്ഞെടുത്തു. യു ഡി എഫ്‌ പിന്തുണയോടെയാണ്‌ മുരളി അധ്യക്ഷസ്ഥാനത്തെത്തിയത്‌. ജെ വി എസും കോണ്‍ഗ്രസും ഇവിടെ ചെയര്‍മാന്‍ സ്ഥാനം പങ്കിടും. ആദ്യ രണ്ടര വര്‍ഷം മുരളി അധ്യക്ഷസ്ഥാനം വഹിക്കും. ഇതിന്‌ ശേഷം യു ഡി എഫ്‌ പ്രതിനിധിയായിരിക്കും അധ്യക്ഷനാകുക.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ബാബു ജോര്‍ജ്‌ തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ സമിതിയില്‍ ബാബു ജോര്‍ജിനു 11 വോട്ടും എല്‍ ഡി എഫിലെ എസ്‌ ഹരിദാസിന്‌ ആറു വോട്ടും കിട്ടി.
പത്തനംതിട്ട നഗരസഭാ ചെയര്‍മാനാ‍യി കോണ്‍ഗ്രസിലെ എ സുരേഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. 32 അംഗ കൗണ്‍സിലില്‍ യു ഡി എഫിനു 17 അംഗങ്ങളാണ് ഉള്ളത്‌. എന്നാല്‍ സുരേഷിന്‌ 18 വോട്ട്‌ ലഭിച്ചു. കോണ്‍ഗ്രസ്‌ വിമതനായി ജയിച്ച മുന്‍ ഉപാധ്യക്ഷന്‍ കെ ആര്‍ അജിത്‌ കുമാറും സുരേഷിനാണു വോട്ട്‌ ചെയ്‌തത്‌.

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്‌ അംഗം ജോസഫ്‌ ജോണ്‍ എല്‍ ഡി എഫ് പിന്തുണയോടെ പ്രസിഡന്‍രായി. ഇരുമുന്നണിക്കും ആറ്‌ അംഗങ്ങള്‍ വീതമാണുള്ളത്‌. മൂന്നു കേരള കോണ്‍ഗ്രസ്‌ അംഗങ്ങള്‍ എല്‍ ഡി എഫിനൊപ്പം ചേരുകയായിരുന്നു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ എ വിജയന്‍ നായര്‍ പ്രസിഡന്‍റായി. ഇവിടെ ഇരുമുന്നണിക്കും ഒമ്പത്‌ അംഗങ്ങളുണ്ട്‌.

അതേസമയം, കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച്‌ പരാജയപ്പെട്ട കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ രാജിവെയ്ക്കും. കൊച്ചിന്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുമെന്നാണ്‌ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. കൗണ്‍സിലറായി തുടരാന്‍ തനിക്ക്‌ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുമായി ആലോചിച്ച്‌ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക