മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തെറ്റ്: വി എസ്
ബുധന്‍, 30 മാര്‍ച്ച് 2011 (14:49 IST)
PRO
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അപവാദപ്രചരണങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കൈയേറ്റങ്ങള്‍ അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കും.
ഏഷ്യാനെറ്റിന്‍റെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാന്‍ കാളിയത്തിനെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്തയെ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഷാജഹാനെതിരായ ആക്രമണം നിര്‍ഭാഗ്യകരമാണെന്ന് വി എസ് ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു.
എന്നാല്‍, പി ജയരാജന്‍റേത് അക്രമികള്‍ വെട്ടിമാറ്റിയ ശേഷം തുന്നിച്ചേര്‍ത്ത കൈകളാണെന്നും അതുകൊണ്ട് മര്‍ദ്ദിച്ചു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. എവിടെയായാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഷാജഹാനെ മര്‍ദ്ദിച്ചെന്ന കേസില്‍ പി ജയരാജന്‍ ചൊവ്വാഴ്ച ജാമ്യമെടുത്തിരുന്നു. താന്‍ മര്‍ദ്ദിച്ചതായുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.