ഛന്നം പിന്നം മഴ പെയ്തു തുടങ്ങിയതോടെ ദിനചര്യകൾക്ക് ആകെമൊത്തം ഒരു മാറ്റം വന്നിരിക്കുകയാണ്. ഒരു യാത്രയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരിക്കും കനത്ത മഴ. മഴ ഒന്ന് ശാന്തമാകുവാൻ വേണ്ടി ആയിരിക്കും പിന്നത്തെ കാത്തിരിപ്പ്. മിക്കവാറും മഴ ഒന്ന് ശാന്തമായതിനു ശേഷം കര്യങ്ങൾ നടത്തുന്നതിനായി പോകുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും. എന്നാൽ, മഴയെ പേടിക്കാതെ മഴ ആസ്വദിച്ചു കൊണ്ടു തന്നെ മഴക്കാലം ആഘോഷമാക്കാൻ തീരുമാനിച്ചാലോ ? അത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരിക്കും.
ഫോൾഡ് എത്രയായാലും കുട നിര്‍ബന്ധമായും കരുതണം
മഴക്കാലമായാൽ കുടകളുടെ ഫാഷൻ ഷോ ആണ് വിപണിയിൽ. കാലൻ കുട മുതൽ അഞ്ചു മടക്ക് ആക്കി വെച്ച് ഉപയോഗിക്കാൻ പറ്റുന്ന കുട വരെ. കുട എത്ര ഫോൾഡ് ആയാലും കനത്ത മഴയിലും നിങ്ങളെ നനയിപ്പിക്കാതെ കാക്കുന്നതാകണം.
കുടയുണ്ടെങ്കിലും ഒരു മഴക്കോട്ട് കൂടി കരുതുക
കുട കരുതിയിട്ടുണ്ടെങ്കിലും മഴക്കോട്ട് കൂടി നിര്‍ബന്ധമായും കരുതുക. നനയാതിരിക്കാൻ കുട ഒരു പരിധിവരെ സഹായിക്കും. പക്ഷേ, ചെറിയ ഒരു കാറ്റു വീശിയാൽ വസ്ത്രവും ബാഗും നനയുന്നതിനു കാരണമാകും. എന്നാൽ മഴക്കോട്ട് ധരിച്ചാൽ ഇത് ഒഴിവാക്കാം.
ടവ്വൽ
മഴയത്ത് യാത്ര ചെയ്യുമ്പോൾ ഒരു ടവ്വൽ എപ്പോഴും ഒപ്പം കരുതുക. ചിലപ്പോൾ കനത്ത മഴയിൽ കുടയും മഴക്കോട്ടും രക്ഷയായേക്കില്ല. അപ്പോൾ ഒരു ടവ്വൽ കൈവശം ഉണ്ടെങ്കിൽ തല തുവര്‍ത്താനും കൈ കാലുകൾ തുടയ്ക്കാനും സഹായകമാകും,
അധികമായി ഒരു ജോഡി വസ്ത്രം കൂടി ബാഗിൽ കരുതുക
ബാഗിനുള്ളിൽ അധികമായി ഒരു വസ്ത്രം കൂടി കരുതുക. നനഞ്ഞു കുളിച്ച് ഓഫീസിൽ എത്തി അതേ വസ്ത്രം ധരിച്ച് ജോലി തുടരുന്നത് ഒഴിവാക്കാമല്ലോ. ഓഫീസ് കാബിനിൽ ഒരു ജോഡി വസ്ത്രം അധികമായി കരുതി വെയ്ക്കുന്നതും ഈ മഴക്കാലത്ത് ഒരു നല്ല തീരുമാനം ആയിരിക്കും.