മന്ത്രിമാര്‍ എല്ലാവരും മിടുക്കന്‍‌മാര്‍: തിരുവഞ്ചൂര്‍

തിങ്കള്‍, 30 ജൂലൈ 2012 (12:45 IST)
PRO
PRO
സംസ്ഥാന മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും മിടുക്കന്മാരാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിമാരില്‍ കഴിവുകെട്ടവരില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മന്ത്രിമാര്‍ കഴിവുള്ളവരാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. മത്സരയോട്ടം നടത്തിയല്ല മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിനും പറ്റാത്ത മന്ത്രിമാര്‍ മന്ത്രി സഭയില്‍ ഉണ്ടെന്ന വി എം സുധീരന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധീരന്‍ പറഞ്ഞതിന്റെ പൊതുവികാരത്തോട് യോജിക്കുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

തന്റെ കൂടെയുള്ളത്‌ മികച്ച ടീമാണെന്നും ഏതെങ്കിലും ഒരു മന്ത്രി വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അതിന്‌ താനും ഉത്തരവാദിയാണെന്നും കഴിഞ്ഞ ദിവസം സുധീരന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കിയിരുന്നു. സുധീരന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്‌. തന്നോട്‌ കൂടി ആലോചിച്ചാണ്‌ മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. മന്ത്രിസഭാംഗങ്ങളില്‍ തനിക്ക്‌ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക