മനസില്‍ ഇടതുപക്ഷം, പക്ഷേ യുഡിഎഫില്‍ തുടരും: വീരന്‍
ശനി, 23 ഫെബ്രുവരി 2013 (20:46 IST)
PRO
യു ഡി എഫില്‍ തന്നെ തുടരുമെന്ന് സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാര്‍. ഇടതുപക്ഷ മനസാണുള്ളതെങ്കിലും യു ഡി എഫില്‍ തുടരാനാണ് ഉദ്ദേശമെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ഇതോടെ സോഷ്യലിസ്റ്റ് ജനത എല്‍ ഡി എഫിലേക്ക് മടങ്ങിവരുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും വിരാമമായിരിക്കുകയാണ്.
എല്‍ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് പോയവര്‍ തിരികെ വരുമെന്ന് സിപിഎം പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയതോടെയാണ് വീരേന്ദ്രകുമാറും കൂട്ടരും മടങ്ങിയെത്തുന്നതായുള്ള അഭ്യൂഹം ശക്തമായത്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ലെന്നും ഇ എം എസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായും എസ് ആര്‍ പി പറഞ്ഞിരുന്നു.
യു ഡി എഫ് സര്‍ക്കാരിനെ ഏതുവിധേനയും താഴെയിറക്കണമെന്ന് എല്‍ ഡി എഫ് നേതൃയോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് എസ് ആര്‍ പി ഇങ്ങനെ പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, എല്‍ ഡി എഫ് വിട്ടുപോയ കക്ഷികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
യു ഡി എഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് എല്‍ ഡി എഫ് നേതൃത്വം പുതിയ നീക്കത്തിന് ശ്രമം നടത്തുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഉന്നമിട്ടാണ് എല്‍ ഡി എഫിന്‍റെ നീക്കങ്ങള്‍ പ്രധാനമായും നടക്കുന്നത്. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാത്തതാണ് മാണിയുടെ അതൃപ്തിക്ക് കാരണം. ഇത് മുതലെടുക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം.