മത്സരം മുറുകുന്നു, കഥകളിസംഗീതത്തില്‍ വിനീത്

ചൊവ്വ, 18 ജനുവരി 2011 (15:49 IST)
സംസ്ഥാന സ്കൂള്‍ കലോത്സവം ആദ്യദിനം തന്നെ വാശിയുടെ തേരിലേറിക്കഴിഞ്ഞിരിക്കുന്നു. മത്സരഫലങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ 18 പോയിന്‍റുമായി അഞ്ചു ജില്ലകളാണ് ഇപ്പോള്‍ മുന്നില്‍. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോഡ് ജില്ലകള്‍ ആണ് ഇപ്പോള്‍ മുന്നിലുള്ളത്.

16 പോയിന്‍റുമായി ആലപ്പുഴ ജില്ല തൊട്ടുപിന്നിലുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകള്‍ 15 പോയിന്‍റ് നേടിയപ്പോള്‍ 14 പോയിന്‍റുമായി തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളും 13 പോയിന്‍റോടെ ഇടുക്കിയും ഒമ്പത് പോയിന്‍റുമായി കൊല്ലം, വയനാട് ജില്ലകളും മത്സരരംഗത്തുണ്ട്.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ആദ്യജയം തൃശൂരിനായിരുന്നു. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ വന്ദേമാതരത്തില്‍ തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സെന്‍റ് മേരീസ് സി ജി എച്ച് എസ് സ്കൂളിലെ ശ്രീലക്ഷ്‌മിക്കും സംഘത്തിനുമാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

ഹൈസ്കൂള്‍ വിഭാഗം മോണോ ആക്‌ട് മത്സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളിലെ സയീദ് അബ്‌ദുള്ള എന്‍ പിയാണ് ഈയിനത്തില്‍ ഒന്നാമതെത്തിയത്.

ഹൈസ്കൂള്‍ വിഭാഗം കഥകളിസംഗീതത്തില്‍ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂളിലെ വിനീത പിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓടക്കുഴലില്‍ മുല്ലശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ അതുല്‍ വിജയന്‍ വി ഒന്നാമനായി.

കാവ്യകേളിയില്‍ ആലുവ ക്രൈസ്തവ മഹിളാലയം ഗേള്‍സ് ഹൈസ്കൂളിലെ ലയ ശിവനാണ് ഒന്നാംസ്ഥാനം നേടിയത്. അറവനമുട്ടില്‍ മലപ്പുറം ജില്ലയിലെ സി എച്ച് എം എച്ച് എസ് പൂകാളതൂര്‍ സ്കൂളിലെ ആസിഫ് പിക്കും കൂട്ടര്‍ക്കുമാണ് ഒന്നാംസ്ഥാനം.

വെബ്ദുനിയ വായിക്കുക