ഭൂവിനിയോഗ നിയമം: എതിര്‍പ്പുമായി കൃഷി മന്ത്രിയും

ചൊവ്വ, 30 ഒക്‌ടോബര്‍ 2012 (17:20 IST)
PRO
PRO
നിര്‍ദ്ദിഷ്ട ഭൂവിനിയോഗ ബില്ലിനെതിരെ എതിര്‍പ്പുമായി കൃഷി മന്ത്രി കെ പി മോഹനനും രംഗത്ത്. കൃഷിഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്ന് കെ പി മോഹനന്‍ വ്യക്തമാക്കി. ബില്ലിലെ വ്യവസ്ഥകള്‍ അതേപടി നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷി ഭൂമി സംരക്ഷിക്കുന്നതിന് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ കൊണ്ട് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ബില്ലിനെക്കുറിച്ച് റവന്യു വകുപ്പിന് അറിയില്ലെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഭൂമി സംബന്ധമായ ഒരു പുതിയ നിയമം കൊണ്ടു വരുമ്പോള്‍ റവന്യുവകുപ്പാണ്‌ മുന്‍കൈയെടുത്ത്‌ നടപ്പാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ റവന്യുവകുപ്പുമായി കൂടിയാലോചന ഉണ്ടാകേണ്ടതാണെന്നും അടൂര്‍ പ്രകാശ്‌ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട്‌ നിയമവകുപ്പ്‌ നടത്തിയ നീക്കങ്ങള്‍ പരിശോധിക്കുമെന്നും യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

റവന്യുമന്ത്രിയുടെ പരാമര്‍ശം കുരുടന്‍ ആനയെ കണ്ടപോലെയാണെന്നാണ് ഇതിനെതിരെ നിയമമന്ത്രി കെ എം മാണി വിമര്‍ശിച്ചത്. താനും ജസ്‌റ്റീസ്‌ വി ആര്‍ കൃഷ്‌ണയ്യരും ചേര്‍ന്നുണ്ടാക്കിയ ബില്ലിലെ നിര്‍ദ്ദേശം അഭിപ്രായ രൂപീകരണത്തിനായി എല്ലാ വകുപ്പുകള്‍ക്കും അയച്ചുനല്‍കിയിരുന്നുവെന്നും മാണി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക