ബൈക്കില്‍ നിന്ന് തെറിച്ച് വീണ സ്റ്റീല്‍ പാത്രത്തില്‍ നിന്ന് സ്ഫോടനം

തിങ്കള്‍, 25 മാര്‍ച്ച് 2013 (14:51 IST)
PRO
PRO
ബൈക്കില്‍ നിന്ന് തെറിച്ച് വീണ സ്റ്റീല്‍‌ പാത്രത്തില്‍ നിന്ന് സ്ഫോടനം. സ്ഫോടനത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സൂചന. ഞായറാഴ്ച രാത്രി ചാവശേരിപറമ്പിലായിരുന്നു സംഭവം. പത്തൊന്‍പതാം മെയില്‍-പഴശി റൂട്ടില്‍ ചാവശേരി പറമ്പ്‌ ആദിവാസി കോളനിക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്. സമീപത്തായി സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് സ്റ്റീല്‍ പാത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു.

സ്ഫോടനം നടന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ എസ്‌ഐ പി കെ ശശീന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. റോഡില്‍ വീണു പൊട്ടിയ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികില്‍ സൂക്ഷിച്ച രണ്ട്‌ സ്റ്റീല്‍ ബോംബുകളും പരിശോധനയില്‍ കണ്ടെത്തി.

പ്ലാസ്റ്റിക്‌ കവറില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരു ബോംബ്‌ റോഡില്‍ വീണ്‌ പൊട്ടുകയും പ്ലാസ്റ്റിക്‌ കവര്‍ കീറിയതിനാല്‍ മറ്റു രണ്ടു ബോംബുകള്‍ റോഡരികില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ്‌ പൊലീസിന്റെ നിഗമനം. ഉഗ്രശേഷിയുള്ള രണ്ട്‌ സ്റ്റീല്‍ ബോംബുകളാണു പിടികൂടിയത്‌. മറ്റു കേന്ദ്രങ്ങളിലേക്ക്‌ ബോംബുകള്‍ മാറ്റുന്നതിനിടെയായിരിക്കും അപകടമെന്നും പൊലീസ്‌ സംശയിക്കുന്നു.

ബോംബ്‌ സ്ഫോടനം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും റെയ്ഡ്‌ കര്‍ശനമാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. പിടികൂടിയ ബോംബുകള്‍ കണ്ണൂരില്‍ നിന്ന്‌ എത്തിയ ബോംബ്‌ സ്ക്വാഡ്‌ നിര്‍വീര്യമാക്കി.

വെബ്ദുനിയ വായിക്കുക