ബിഷപ്പുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായം;ബിഷപ്പ് സംസാരിച്ച ശൈലിയില്‍ എം‌പി സംസാരിക്കരുതായിരുന്നെന്ന് ഇടുക്കി ഡിസിസി

വ്യാഴം, 21 നവം‌ബര്‍ 2013 (09:41 IST)
PRO
PRO
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇടുക്കി ബിഷപ്പുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായമായി കാണണമെന്ന് പിടി തോമസ് എംപിയോട് ഇടുക്കി ഡിസിസി. ബിഷപ്പ് സംസാരിച്ച അതേ ശൈലിയില്‍ എംപി സംസാരിക്കരുതായിരുന്നെന്ന് ഡിസിസി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇടുക്കി ബിഷപ്പിനെതിരെ പിടി തോമസ് എംപി നിലപാട് കര്‍ക്കശമാക്കുകയും കസ്തൂരി രംഗന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ഡിസിസി യോഗത്തിന്റെ തീരുമാനം. തൊടുപുഴയില്‍ ചേര്‍ന്ന അടിയന്തിര യോഗം പുലര്‍ച്ചെ ഒന്നര വരെ നീണ്ടു. യോഗത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ പിടി തോമസിനെതിരായ നിലപാട് ആവര്‍ത്തിച്ചു. എംപി നിലപാട് മാറ്റാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഇടുക്കിയില്‍ രക്ഷപെടില്ല.

പിടി തോമസിനേക്കാള്‍ മികച്ച എംപി ഫ്രാന്‍സിസ് ജോര്‍ജാണെന്ന പരാമര്‍ശവും ഐ ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും ഉണ്ടായി. എന്നാല്‍ എ ഗ്രൂപ്പുകാരനായ എംപിയുടെ നിലപാടുകളിലുളള അതൃപ്തി എ ഗ്രൂപ്പ് പ്രതിനിധികളും യോഗത്തില്‍ ഉന്നയിച്ചു. ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ ശരിയല്ലെങ്കിലും അതേതരത്തില്‍ എംപി സംസാരിക്കാന്‍ പാടില്ലായിരുന്നെന്ന വിമര്‍ശനമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ചും എംപിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഇടുക്കി ഡിസിസി സ്വീകരിച്ചത്. റിപ്പോര്‍ട്ട് സംബന്ധിച്ച് ആശങ്കകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അറിക്കാനാണ് തീരുമാനം. അതിനപ്പുറമാണ് തീരുമാനമെങ്കില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഡിസിസി തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക