ബിപിഎല്‍ ക്വാട്ട വെട്ടിക്കുറച്ചു; വെട്ടിക്കുറച്ചത് ഒരു രൂപ അരി
വെള്ളി, 16 ഓഗസ്റ്റ് 2013 (17:09 IST)
PRO
PRO
സംസ്ഥാനത്തിന്റെ ബിപിഎല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു. ഒരു രൂപയ്‌ക്ക് മാസം തോറും കിട്ടിയിരുന്ന 25 കിലോ അരി ഈ മാസം മുതല്‍ വെട്ടിക്കുറയ്‌ക്കും. ഓഗസ്‌റ്റ് മുതല്‍ കാര്‍ഡ് ഒന്നിന് 18 കിലോ അരി വീതമേ ലഭ്യമാകു.
കേന്ദ്രവിഹിതം കിട്ടാതായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ പുതിയ തീരുമാനം ദാരിദ്ര്യരേഖയ്‌ക്ക് കീഴിലുള്ള ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. ഏപ്രില്‍ മാസം മുതല്‍ കേന്ദ്രവിഹിതം കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കാര്യമായി വില്‍പ്പന നടക്കാതിരുന്ന അന്നപൂര്‍ണ്ണ, അന്ന യോജന പദ്ധതികളുടെ അരി വകമാറ്റി ചെലവഴിച്ചായിരുന്നു പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.
എന്നാല്‍ ഈ മാസം 25 കിലോ അരിയുടെ സ്‌ഥാനത്ത് 15 കിലോ അരി മാത്രമാണ് ഒരു രൂപ നിരക്കില്‍ റേഷന്‍കടകള്‍ വഴി നല്‍കിയത്. ഈ വിവരം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ അറിയിക്കുകയും ചെയ്‌തിരുന്നു. ഏപ്രിലില്‍ തന്നെ വിവരം കേന്ദ്രമന്ത്രിമാരെ അറിയിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നതാണ്. എന്നാല്‍ അഞ്ചു മാസമായിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് അരി വെട്ടിക്കുറയ്‌ക്കുന്നത്. കേരളത്തിലെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എം ബി രാജേഷ് എം പി ആരോപിച്ചു.