ബിജു രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സന്ദേശം വ്യാജമായി ഉപയോഗിച്ചു
ചൊവ്വ, 25 ജൂണ്‍ 2013 (16:09 IST)
PRO
PRO
സോളാര്‍ തട്ടിപ്പിനായി ബിജു രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സന്ദേശം വ്യാജമായി ഉപയോഗിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സന്ദേശമാണ് വ്യാജമായി ഉപയോഗിച്ചത്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റേത് അടക്കം നിരവധി വ്യാജരേഖകള്‍ നിര്‍മ്മിച്ചു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡ് ബിജു രാധാകൃഷ്ണന്‍ വ്യാജമായി നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുമായും ഇയാള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഫറൂഖ് അബ്ദുള്ള തന്റെ അടുത്ത സുഹൃത്താണെന്നും ബിജുവും സരിതയും നേരത്തെ പ്രചരിപ്പിച്ചിരുന്നു.
ബന്ധത്തിന് തെളിവായി ടീം സോളാറിന് ഫറൂഖ് അബ്ദുള്ള അയച്ചെന്ന് അവകാശപ്പെടുന്ന സന്ദേശവും ബിജു വ്യാപകമായി ഉപയോഗിച്ചു. ഈ സന്ദേശം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത സന്ദേശം ബിജു തനിക്ക് ലഭിച്ച സന്ദേശമായി മാറ്റുകയായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റര്‍പാഡ് നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി ഫ്രെനിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു.